തിരുവനന്തപുരം: ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയതോടെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ വീണ്ടും അനിശ്ചിതത്വത്തിലായി. മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിക്കുകയാണെങ്കിൽ 11 മുതൽ പരീക്ഷ നടത്താനായിരുന്നു ധാരണ.
മേയ് 17 കഴിഞ്ഞാൽ ക്രമീകരണങ്ങൾ പൂർത്തീകരിച്ച് പരീക്ഷ ആരംഭിക്കാൻ മേയ് അവസാനമോ ജൂൺ ആദ്യ വാരമോ ആകും. ലോക്ക് ഡൗൺ വീണ്ടും നീട്ടുകയാണെങ്കിൽ പരീക്ഷ പിന്നെയും നീളും.
ലോക്ക് ഡൗൺ പിൻവലിച്ച് 10 ദിവസം കഴിഞ്ഞ് സി.ബി.എസ്.ഇ പരീക്ഷ നടത്തുമെന്നും ഈ മാതൃകയിൽ സംസ്ഥാനങ്ങൾക്ക് പരീക്ഷ നടത്താമെന്നുമാണ് കേന്ദ്ര മാനവ ശേഷി മന്ത്രാലയം വ്യക്തമാക്കുന്നത്.
എസ്.എസ്.എൽ.സിക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്.
പരീക്ഷ കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസത്തിനകം മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങും. ക്യാമ്പുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.