തിരുവനന്തപുരം : ബീഹാർ സ്വദേശികളായ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഇന്നലെ അഞ്ച് പ്രത്യേക ട്രെയിനുകൾ സംസ്ഥാനത്തു നിന്ന് യാത്ര തിരിച്ചു. ഈ ട്രെയിനുകളിലായി 5500 തൊഴിലാളികൾ മടങ്ങി. ഇന്നും അഞ്ച് ട്രെയിനുകൾ പ്രത്യേക സർവീസ് നടത്തും.

തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മൂന്നും പാലക്കാട് ഡിവിഷനിൽ നിന്ന് രണ്ടും നോൺ സ്‌റ്റോപ്പ് ട്രെയിനുകളാണ് തൊഴിലാളികളുമായി ഇന്നലെ യാത്ര തിരിച്ചത്.
കോഴിക്കോട് -കത്തീഹാർ, കണ്ണൂർ -സഹർഷ, എറണാകുളം- ബറൗണി, എറണാകുളം- മുസഫർപൂർ, തൃശൂർ -ദർബംഗ എന്നിങ്ങനെയാണ് ട്രെയിൻ സർവീസ്. റവന്യു, തൊഴിൽ വകുപ്പുകൾക്കാണ് മടക്കായാത്രയുടെ ഏകോപനം. തിരികെ പോകാൻ സന്നദ്ധരായവരിൽ നിന്നാണ് യാത്രക്കാരുടെ പട്ടിക തയാറാക്കിയത്. ഇവരെ ക്യാമ്പുകളിൽ നിന്ന് പ്രത്യേക ബസുകളിൽ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചിരുന്നു.