കല്ലമ്പലം : മദ്ധ്യവയസ്ക്കന്റെ മൃതദേഹത്തോട് പൊലീസും ആശുപത്രി അധികൃതരും അനാദരവ് കാട്ടിയെന്ന് ബന്ധുക്കളുടെ പരാതി. മണമ്പൂർ തെഞ്ചേരിക്കോണം എസ്.എസ് മന്ദിരത്തിൽ സുധാകരൻനായരു (54) ടെ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്. ഇന്നലെ പുലർച്ചെ വീടിന്റെ കോവണിപ്പടിയുടെ അടിയിലെ ഹൂക്കിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സുധാകരന്റെ മൃതദേഹം കല്ലമ്പലം പൊലീസ് ഇൻക്വസ്റ്റ് നടത്തി പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിലേക്ക് മാറ്റിയെങ്കിലും കൊവിഡ് പരിശോധന നടത്തി റിസൾട്ട് അറിഞ്ഞതിനുശേഷമേ പോസ്റ്റ്മോർട്ടം നടത്തുകയുള്ളൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. തിരുവനന്തപുരം ജില്ലയും കൊവിഡ് ഭീതിയില്ലാത്തതുമായ പഞ്ചായത്ത് പ്രദേശത്ത് മരിച്ചയാളിന്റെ മൃതദേഹം ബന്ധുക്കൾ നിർബന്ധിച്ചിട്ടും തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ പൊലീസ് പരിപ്പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മൃതദേഹം പാരിപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനുള്ള അനുമതി പത്രം നൽകാതെ ആശുപത്രി അധികൃതർ വൈകിപ്പിച്ചുവെന്നും അതുവരെ മൃതദേഹം ആംബുലൻസിലായിരുന്നുവെന്നും അനുമതിപത്രം ലഭിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹവുമായെത്തിയപ്പോൾ സമയം വൈകിയതിനാൽ പോസ്റ്റ്മോർട്ടം നടന്നില്ലെന്നും ഇത് ബന്ധുക്കളെ മാനസികമായും ശാരീരികമായും തളർത്തിയെന്നും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നുമാണ് പരാതി. എന്നാൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണ് നടന്നതെന്നും കല്ലമ്പലം എസ്.ഐ നിജാം പറഞ്ഞു. സുധാകരന്റെ മക്കളായ സുധീഷും, സുമേഷും വിദേശത്താണ്. ശ്രീകുമാരിയാണ് ഭാര്യ.