തിരുവനന്തപുരം: ബ്രഹ്മോസ് ഏറോ സ്‌പേസിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ജില്ലയ്‌ക്ക് പുറത്തുനിന്നുള്ള ജീവനക്കാർ ഇന്ന് മുതൽ ജോലിക്ക് നിർബന്ധമായി ഹാജരാകണമെന്ന മാനേജ്‌മെന്റിന്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രഹ്മോസ് എംപ്ലോയീസ് യൂണിയൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. നിയന്ത്രണങ്ങൾ നിലവിൽ വന്നതു മുതൽ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ജില്ലയിലെ ജീവനക്കാരെ മാത്രം വിളിച്ചുവരുത്തി പ്രവർത്തനം നടന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലർ പ്രകാരം മറ്റുള്ള ജില്ലകളിൽ താമസമുള്ള മുഴുവൻ ജീവനക്കാരും ഇന്ന് മുതൽ ജോലിക്ക് ഹാജരാകണമെന്നും അല്ലാത്തപക്ഷം ശമ്പളം ലഭിക്കില്ലെന്നുമാണ് അറിയിപ്പ് നൽകിയത്. ജില്ലാ അതിർത്തിക്ക് പുറത്തേക്ക് സഞ്ചരിക്കാൻ കഴിയാത്ത ജീവനക്കാർ എങ്ങനെ ജോലിക്കെത്തുമെന്നാണ് ജീവനക്കാർ പറയുന്നത്.