തിരുവനന്തപുരം: ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ചതിന് ഇന്നലെ 98 പേർക്കെതിരെ കേസെടുത്തു. 74 വാഹനങ്ങളും പിടിച്ചെടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരം 87 പേർക്കെതിരെയും അനാവശ്യയാത്ര ചെയ്ത 11 പേർക്കെതിരെയും നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിന് 69 പേർക്കെതിരെ കേസെടുത്തു. ഇന്ന് ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങാവൂ. ഇന്ന് മുതൽ പുതിയ ക്രമീകരണങ്ങളോടെ ചാല മാർക്കറ്റ് തുറക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
ചാല മാർക്കറ്റിലെ പുതിയ ക്രമീകരണങ്ങൾ
അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് വാഹനങ്ങൾ മാത്രമേ കിളളിപ്പാലം - ആര്യശാല വഴി ചാലയിലേക്ക് പ്രവേശിക്കാവൂ.
മാർക്കറ്റിലെത്തുന്ന പൊതുജനങ്ങൾ അവരുടെ വാഹനങ്ങൾ പവർ ഹൗസ്, അട്ടക്കുളങ്ങര ബൈപാസ് റോഡുകളിൽ പാർക്ക് ചെയ്തശേഷം നടന്ന് കിഴക്കേക്കോട്ട വഴി മാത്രമേ ചാലയിൽ പ്രവേശിക്കാവൂ.
തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച് മാത്രമേ ആളുകളെ കടത്തി വിടൂ.
കൊത്തുവാൾ സ്ട്രീറ്റ്, സഭാപതി റോഡ് എന്നിവിടങ്ങളിലൂടെയും ചരക്ക് വാഹനങ്ങൾക്ക് ചാല
മാർക്കറ്റിലേക്ക് പ്രവേശിക്കാം. എല്ലാ ചരക്ക് വാഹനങ്ങളും കരിംസ് കിഴക്കേക്കോട്ട വഴിയാണ്
പുറത്തേക്ക് പോകേണ്ടത്.
തുറന്ന് പ്രവർത്തിക്കാൻ അനുവാദമുളള കടകളിൽ 50% ജീവനക്കാർ മാത്രമേ ഉണ്ടാകാവൂ.
സാമൂഹിക അകലം പാലിക്കുന്നതിനായി കയർ കെട്ടുകയോ, കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തുകയോ, ടോക്കൺ സംവിധാനം നടപ്പിലാക്കുകയോ ചെയ്യണം.
മാസ്ക് ധരിക്കാത്തവർക്കും ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും.