mrithasanjeevani

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ രണ്ട് പേർക്ക് പുതുജീവൻ നൽകും. സർക്കാരിന്റെ മൃതസഞ്ജീവനിയിലൂടെ ലോക്ക് ഡൗൺ കാലത്ത് നടക്കുന്ന നാലാമത്തെ അവയവദാനമാണിത്. കൊല്ലം കടവൂർ പെരിനാട് കാട്ടുവിള പുതുവൽവീട്ടിൽ അരുൺ വർഗീസ് (32) ബൈക്കപടകത്തിൽ പരിക്കേറ്റ് മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറായതോടെ അരുണിന്റെ രണ്ടു വൃക്കകളാണ് ദാനം ചെയ്തത്. ഒരു വൃക്ക കൊല്ലം മെഡിസിറ്റിയിലും മറ്റൊന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും നൽകി.

കൊല്ലം ഡി.എം.ഒ ഡോ.മണികണ്ഠൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഹരി എന്നിവർ ഇടപെട്ട് മസ്തിഷ്കമരണം സ്ഥിരീകരിക്കാനുള്ള എംപാനൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ.നോബിൾ ഗ്രേഷ്യസ് നേതൃത്വം നൽകി. മേയ് ഒന്നിന് അരുണും സുഹൃത്ത് ശരത്തും യാത്ര ചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്. ശരത്തും ഗുരുതരാവസ്ഥയിൽ മെഡിസിറ്റിയിൽ ചികിത്സയിലാണ്. രണ്ടു പേരും അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നവരാണ്. ഭാര്യ: ഗീതു രാജ്. മകൾ ആൻ (അഞ്ചുമാസം പ്രായം). സംസ്കാരം ഇന്ന് കടവൂർ പള്ളിയിൽ നടക്കും.