തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപെട്ടവരായാലും ജനങ്ങൾക്കുമുന്നിൽ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിവാര പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ ഡി. എ മരവിപ്പിച്ചപ്പോൾ ഒരു ജീവനക്കാരന്റെ ഒന്നരമാസത്തെ ശമ്പളത്തിന് തുല്യമായ തുക ചുരുങ്ങിയത് നഷ്ടപ്പെടും. ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാരും ഡി. എ പിടിക്കുന്ന നിലപാടെടുത്തു. രാജസ്ഥാനിൽ ശമ്പളം പിടിക്കാനാണ് തീരുമാനിച്ചത്. അതിനെ കോൺഗ്രസ് വിമർശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. അദ്ധ്യാപകരോട് നാട് കാട്ടുന്ന ആദരവിന് ചേർന്ന സമീപനമല്ല ശമ്പളം മാറ്റിവയ്ക്കാനുള്ള ഉത്തരവ് ചില അദ്ധ്യാപകർ കത്തിച്ച നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാടകയ്ക്ക് ഹെലിക്കോപ്ടർ
ഹെലിക്കോപ്ടർ വാടകയ്ക്കെടുത്തതിനെപ്പറ്റിയുള്ള ആക്ഷേപത്തിന് മുഖ്യമന്തിയുടെ മറുപടി ഇങ്ങനെ:
സുരക്ഷാ കാര്യങ്ങൾക്കും ദുരന്തങ്ങളെ നേരിടാനും ഇതാവശ്യമാണ്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങൾക്ക് ഹെലിക്കോപ്ടറുകളോ വിമാനങ്ങളോ ഉണ്ട്.
ഉപദേഷ്ടാക്കളുടെ പേരിലുളള ആരോപണത്തെയും മുഖ്യമന്ത്രി തളളി. ഒരു മുതിർന്ന ഉദ്യോഗസ്ഥന് നൽകുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കൾക്കെല്ലാം കൂടി നൽകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.