കോവളം: കുടിശിക കൂലി ലഭിക്കാത്തതിനൊപ്പം ലോക്ക് ഡൗൺ കൂടിയെത്തിയതോടെ കൈത്തറി തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. സർക്കാരിന്റെ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിൽ യൂണിഫോം നെയ്‌തതിന്റെ നാലു മാസത്തെ കൂലി ലോക്ക് ഡൗൺ വേളയിലെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളെണ്ണി കഴിയുകയാണ് ഇവർ. ഒാരോ മാസം പിന്നിടുമ്പോഴും സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്ന തൊഴിലാളികളിൽ കൂലി ലഭിക്കാത്തതിന്റെ ആശങ്ക കൂടി വരികയാണ്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, ബാലരാമപുരം 1, ബാലരാമപുരം 2, ഊരൂട്ടമ്പലം, നേമം, തിരുവനന്തപുരം, കുളത്തൂർ, ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര 1, നെയ്യാറ്റിൻകര 2, പാറശാല, അവണാകുഴി, വെങ്ങാനൂർ, തിരുപുറം, കാഞ്ഞിരംകുളം, കരുംങ്കുളം എന്നീ സർക്കിളുകളിലായി 300ഓളം പ്രാഥമിക കൈത്തറി സംഘങ്ങളും 5000ത്തോളം തൊഴിലാളികളുമാണ് ഉള്ളത്. ഒരു മീറ്റർ യൂണിഫോം നെയ്‌താൽ തൊഴിലാളിക്ക് 42 രൂപ 50 പൈസയാണ് ലഭിക്കുന്നത്. ഈ കൂലിയാണ് ഇവർക്ക് ഇതുവരെ ലഭിക്കാത്തത്. ഒരാൾ ഒരു ദിവസം ശരാശരി നെയ്യുന്നത് 5 മീറ്ററാണ്. യൂണിഫോം നെയ്യുന്നതിന് ഒരു കൈത്തറി സംരംഭം ആരംഭിക്കാൻ 12000 രൂപയ്ക്ക് മേൽ ചെലവുണ്ട്. പുതിയ തറി സ്ഥാപിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് തൊഴിലുടമകൾ പറയുന്നു. കൈത്തറി തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും 750 രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ ഭൂരിഭാഗം തൊഴിലാളികളും അംഗങ്ങളല്ലാത്തതുകാരണം അതും ലഭിക്കാത്ത അവസ്ഥയാണ്.
പൂവണിയാതെ യുവ വീവർ പദ്ധതി
പുതു തലമുറയെ കൈത്തറി മേഖലയിലേക്ക് ആകർഷിക്കുന്നതിനായി സർക്കാർ നടപ്പാക്കിയ യുവ വീവർ പദ്ധതിയും നിറുത്തലാക്കി. ലാഭമില്ലെന്ന് മാത്രമല്ല മുടക്കിയ പൈസ പോലും തിരികെ ലഭിക്കില്ലെന്നുള്ളതാണ് യുവതലമുറയെ ഈ മേഖലയിൽ നിന്ന് അകറ്റി നിറുത്തുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും പദ്ധതി നിറുത്താൻ കാരണമായി. 2018 വരെ സംഘങ്ങളിലെ തൊഴിലാളികൾക്ക് നൽകി വന്നിരുന്ന ഇൻകം സപ്പോർട്ടും പ്രൊഡക്ഷൻ ഇൻസെന്റീവും നിറുത്തലാക്കിയതോടെ കൈത്തറി മേഖല സ്തംഭിച്ച മട്ടാണ്.
ലഭിക്കാനുള്ളത് നാലുമാസത്തെ കുടിശിക
ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി
തൊഴിലാളികളിൽ ഭൂരിഭാഗത്തിനുമുള്ളത്
എ.പി.എൽ റേഷൻ കാർഡ്
ജില്ലയിലെ പ്രാഥമിക കൈത്തറി സംഘങ്ങൾ - 300
ആകെ തൊഴിലാളികൾ - 5000
പ്രതികരണം
------------------------
പ്രാഥമിക കൈത്തറി സംഘങ്ങൾക്ക് നൽകി വന്നിരുന്ന ആനുകൂല്യങ്ങൾ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് നൽകും. യൂണിഫോം നെയ്യുന്നവർക്ക് തറി സ്ഥാപിക്കുന്നതിനുള്ള സർക്കാർ സഹായം നടപ്പിലായിട്ടുണ്ട്. യുണിഫോം കളർ, നൂൽ എന്നിവയ്ക്കായി അന്യസംസ്ഥാനത്തെ ആശ്രയിക്കാൻ കൊവിഡ് വിലക്കുള്ളതിനാൽ സാങ്കേതിക ബുദ്ധിമുട്ടുണ്ട്
- മഹേഷ്. കൈത്തറി ഇൻസ്‌പെകർ, വിഴിഞ്ഞം സർക്കിൾ