മുംബയ്: വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയതിന് റിപബ്ലിക്ക് ടി.വി എം.ഡി അര്‍ണാബ് ഗോസ്വാമിക്കെതിരെ മുംബയ് പൊലീസ് കേസെടുത്തു. ബാന്ദ്രയിലെ പൈഥോനി പൊലീസ് സ്റ്റേഷനിലാണ് അര്‍ണാബിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തത്. ബാന്ദ്രയിലെ പള്ളിയെ ലക്ഷ്യം വയ്ക്കുന്ന തരത്തിലും മുസ്ലീം സമുദായത്തിന് നേരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന തരത്തിലും നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി റാസ എജ്യുക്കേഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് അർണാബിനെതിരായ നടപടി.
ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം സമീപത്തെ മുസ്‌ലിം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. അതേസമയം അര്‍ണാബ് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പുറമെ അര്‍ണാബ് നടത്തിയ ധന സമാഹരണം, പണമിടപാടുകള്‍, തെളിവെടുപ്പില്‍ പുറത്തായ ഇടപാടുകള്‍ തുടങ്ങിയവും മുംബയ് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.