ന്യൂഡൽഹി: രാജ്യത്ത് ഇന്നു മുതല്‍ മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ആരംഭിച്ചു. മേയ് പതിനേഴ് വരെയാണ് ലോക്ക് ഡൗണ്‍. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പ്രഖ്യാപിച്ച ഇളവുകളും അർദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വന്നു. റെഡ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. സോണ്‍വ്യത്യാസമില്ലാതെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് തുറക്കാനുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.
അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകൂ. അവശ്യ ചരക്ക്–സേവന നീക്കങ്ങളും അനുവദിക്കും. നാല്‍പത് ദിവസത്തിന് ശേഷം പൊതുഗതാഗതം സര്‍വീസ് ആരംഭിക്കുന്നുവെന്നതാണ് ഗ്രീന്‍സോണിലെ പ്രത്യേകത. ഇവിടെ അമ്പത് ശതമാനം യാത്രക്കാരുമായി ബസുകള്‍ക്ക് സര്‍വീസ് നടത്താം. എന്നാൽ കേരളത്തിൽ ഗ്രീൻ സോണിലും പൊതുഗതാഗതമുണ്ടാകില്ല.
ഓറഞ്ച് സോണില്‍ ബസ് സര്‍വീസില്ല. രണ്ടു യാത്രക്കാരുമായി ടാക്സികള്‍ക്ക് ഓടാം. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാളുകള്‍ ഒഴികെ കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. മദ്യഷോപ്പുകള്‍ക്കും തുറക്കാം. റെഡ് സോണില്‍ നിന്ന് വ്യത്യസ്തമായി ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. കേരളം മദ്യവില്‍പ്പന ഓട്ട്‍ലെറ്റുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ ലോക്ഡൗണ്‍ അവസാനിക്കും വരെ കേന്ദ്രം നിർദേശിച്ച ഇളവുകള്‍ ഒന്നും നടപ്പാക്കില്ലെന്ന് ഝാര്‍ഖണ്ഡ‍് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രഖ്യാപിച്ചു.
രോഗികളുടെ എണ്ണവും മരണവും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുമ്പോഴാണ് ഇളവുകളോടെ രാജ്യം മൂന്നാംഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്നത്. കൊവിഡ് ബാധിക്കാത്തതും കഴിഞ്ഞ 21 ദിവസമായി ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെടാത്തതുമായ രാജ്യത്തെ 319 ഗ്രീന്‍ സോണ്‍ ജില്ലകള്‍ സാധാരണനിലയിലേക്ക് നടന്നുതുടങ്ങും. രോഗവ്യാപനം കുറഞ്ഞ ഓറഞ്ച് സോണില്‍പ്പെട്ട 284 ജില്ലകളിലും ഇളവുകള്‍ പ്രാബല്യത്തില്‍ വരും. രോഗവ്യാപനം ഏറ്റവും രൂക്ഷമായ 130 റെഡ് സോണുകള്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.