നാമെല്ലാം നിത്യ ജീവിതത്തിൽ ദിവസങ്ങളിലും ഉപയോഗിക്കുന്ന ഫല വർഗങ്ങളിൽ ഒന്നാണ് തക്കാളി. ഒട്ടു മിക്ക എല്ലാ വിഭവങ്ങളിലും തക്കാളി ഒരു പ്രധാന ചേരുവയാണ്. ഇത് ഭക്ഷണത്തിന് ചുവപ്പ് നിറം നൽകുന്നത് മാത്രമല്ല, ധാരാളം പോഷക ഗുണങ്ങളും നൽകുന്നു. തക്കാളി കഴിക്കുന്നതിനുള്ള മറ്റൊരു സാധാരണ മാർഗം തക്കാളി ജ്യൂസ് ആക്കി മാറ്റുക എന്നതാണ്.
ഇത് ശുദ്ധമായ തക്കാളി ജ്യൂസ്, മിക്സഡ് വെജിറ്റബിൾ ജ്യൂസ് അല്ലെങ്കിൽ സൂപ്പ് ഏതുമാകട്ടെ, തക്കാളി ജ്യൂസ് കലർത്തിയ ഏത് പാനീയവും രുചിയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. എന്നാൽ തക്കാളി മറ്റു പല പ്രധാന രോഗങ്ങൾക്കും വളരെ നല്ല മരുന്നാണെന്ന് കൂടി പഠനങ്ങൾ തെളിയിക്കുന്നു. ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനപ്രകാരം , ഉപ്പില്ലാത്ത തക്കാളി ജ്യൂസ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.
മുതിർന്നവരിൽ ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ ഉപ്പില്ലാത്ത തക്കാളി ജ്യൂസ് പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പഠനത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ജപ്പാനിലെ ടോക്കിയോ മെഡിക്കൽ, ഡെന്റൽ സർവകലാശാലയിലെ ഗവേഷകർ 500 പേരിലാണ് പഠനം നടത്തിയത്. അതിൽ 184 പുരുഷന്മാരും 297 സ്ത്രീകളുമാണ്. പ്രീ-ഹൈപ്പർടെൻഷനോ രക്താതിമർദ്ദമോ ഉള്ള 94 പേരിൽ രക്തസമ്മർദ്ദത്തിന്റെ തോത് കുറഞ്ഞതായി ടീം കണ്ടെത്തി. സിസ്റ്റോളിക് രക്തസമ്മർദ്ദം ശരാശരി 141.2 ൽ നിന്ന് 137 mmHg ആയും, ഡയസ്റ്റോളിക് രക്തസമ്മർദ്ദം ശരാശരി 83.3 ൽ നിന്ന് 80.9 mmHg ആയും കുറഞ്ഞു. 125 ആളുകളിൽ മോശം കൊളസ്ട്രോൾ (LDL) ശരാശരി 155 ൽ നിന്ന് 149.9 mg / dL ആയി കുറഞ്ഞു.
തക്കാളി ജ്യൂസിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില പ്രത്യേക പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറും നിയാസിൻ എന്ന സംയുക്തവും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. തക്കാളി ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളായ - ബീറ്റാ കരോട്ടിൻ, ഫൈറ്റോ ന്യൂട്രിയന്റ് - ലൈക്കോപീൻ, എന്നിവ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയുന്നു.