nirmala-seetharaman-

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള രണ്ടാം സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കും. ഗ്രാമീണ സമ്പദ് വ്യവസ്ഥ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, അസംഘടിത മേഖല എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ളതായിരിക്കും പാക്കേജെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യൻ പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

സ്വകാര്യമേഖലയെയും കർഷകരെയും പിന്തുണയ്ക്കുന്നതിനും പണ ലഭ്യത വർദ്ധിപ്പിക്കുന്നതിനും വായ്പയുടെ ഒഴുക്കു കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ ഇടപെടലുകളെക്കുറിച്ചാണ് ധനമന്ത്രാലയവുമായി പ്രധാനമന്ത്രി ചർച്ച ചെയ്തത്. കച്ചവടമേഖലയെ സഹായിച്ചുകൊണ്ട് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ മേഖലയിലെ പ്രവൃത്തികളുടെ വേഗം കൂട്ടുന്നതിനും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് അടിയന്തര സഹായധന പാക്കേജ് പ്രഖ്യാപിച്ചേക്കും. ഇതിനായുള്ള നിർദേശങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നൽകിയിട്ടുണ്ട്.