തിരുവനന്തപുരം: യു.എ.ഇയിലും അബുദാബിയിലുമായി കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിൽ, ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബ് എന്നിവരാണ് മരിച്ചത്. ദുബായിലെ അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് കമാലുദ്ദീൻ മരിച്ചത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സലീന, മക്കൾ: സൽവ മുഹ്‌സിന(ഒമാൻ), സൈനുദ്ധീൻ, സൈനുൽ ആബിദീൻ, ഫാത്തിമ സഹ്‌റ. മരുമകൻ: മേടമ്മൽ മുഹമ്മദ് സഹീർ(ഒമാൻ).ആലപ്പുഴയിൽ പള്ളിപ്പാട് പുല്ലംമ്പട ഭാഗം സ്വദേശിയാണ് ജേക്കബ്.
ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 45 ആയെന്നാണ് റിപ്പോർട്ട്.ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തിന്റെ മാനദണ്ഡം അംഗീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കർശന ഉപാദികളാണ് ഇതിന് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. അതോടെ നോർക്കയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും മടങ്ങാനാവില്ലെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്.
ഇന്നലെ ക്യാബിനറ്റ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിരുന്നെങ്കിലും പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ചർച്ച നടത്തിയതല്ലാതെ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. 4.13 ലക്ഷം പേരാണ് ഇതുവരെ വിദേശത്ത് നിന്ന് തിരികെ വരാനായി നോർക്കയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.