kerala

തിരുവനന്തപുരം: നോർക്ക രജിസ്ട്രേഷന് ശേഷം അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മലയാളികളെ കേരളത്തിലെ ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് ശേഷം കടത്തി വിട്ടുതുടങ്ങി. തിരുവനന്തപുരം ജില്ലയിലെ ഇഞ്ചിവിള കൊല്ലം ജില്ലയിലെ ആര്യങ്കാവ്, ഇടുക്കി ജില്ലയിലെ കുമളി, പാലക്കാട് ജില്ലയിലെ വാളയാർ, വയനാട്ടെ മുത്തങ്ങ കാസർകോട്ടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റുകൾ വഴിയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾക്ക് നാട്ടിലെത്താൻ അനുമതിയുള്ളത്.

കർശനമായ വൈദ്യപരിശോധനയ്ക്കും തെ‌ർമൽ സ്ക്രീനിംഗിനുംശേഷം സത്യവാങ്ങ് മൂലം എഴുതി വാങ്ങി പതിനാല് ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയാമെന്ന ഉറപ്പിലാണ് ഇവരെ വീടുകളിലേക്ക് അയക്കുന്നത്. പനിയോ ലക്ഷണങ്ങളോ ഉള്ളവരെ പ്രവേശപ്പിക്കാൻ ചെക്ക് പോസ്റ്റുകൾക്ക് സമീപം തന്നെ ക്വാറന്റൈൻ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ അമരവിളയ്ക്ക് സമീപത്തെ ഇഞ്ചിവിളയിൽ ഇന്ന് രാവിലെ 6.30 ഓടെ തൃശൂർ സ്വദേശികളായ രണ്ടുപേരാണ് ആദ്യമെത്തിയത്.

എന്നാൽ മൂന്നുമണിക്കൂറിനുശേഷവും ഇവർ‌ക്ക് പരിശോധന പൂർത്തിയാക്കി ഇവിടെ നിന്ന് പോകാനായിട്ടില്ല. നോർക്ക രജിസ്ട്രേഷൻ നടത്തിയതിന്റെ ഡിജിറ്റൽപാസുമായി നാഗർകോവിൽ, മാർത്താണ്ഡം എന്നിവിടങ്ങളിൽ നിന്നെത്തിയ ഇവരുടെ രേഖകൾ പരിശോധിച്ചെങ്കിലും കൊവിഡ് സ്ക്രീനിംഗും നാട്ടിലേക്കുള്ള വാഹനം വൈകിയതുമാണ് ചെക്ക് പോസ്റ്റിലെ കടകൾക്ക് മുന്നിൽ മണിക്കൂറുകളോളം ഇവർക്ക് കാത്ത് നിൽക്കേണ്ട സാഹചര്യമുണ്ടാക്കിയത്. നിലവിൽ ഗ്രീൻ സോണായ തൃശൂരേക്കാണ് ഇവർ‌ക്ക് പോകേണ്ടിയിരുന്നത്.

തൃശൂരിൽ നിന്ന് വീട്ടുകാർ ഏർപ്പാടാക്കിയ വാഹനം ജില്ലാ കളക്ടറുടെ അനുമതി ലഭിച്ച് തിരുവനന്തപുരത്തേക്ക് എത്താൻ വൈകിയതാണ് പ്രശ്നമായത്. അതിർത്തി കടന്നെത്തുന്നവരെ വീടുകളിലെത്തിക്കാൻ ജില്ലാ ഭരണകൂടം വാഹന സൗകര്യം ഏർപ്പാട് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇഞ്ചിവിളയിൽ അത്തരം സൗകര്യങ്ങളൊന്നുമായിട്ടില്ല. പനിയോ കൊവി‌ഡ് ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സംവിധാനം മാത്രമാണ് ഇവിടെയുള്ളത്.

തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധിപേരാണ് നാട്ടിലെത്താനായി കളിയിക്കാവിള ചെക്ക് പോസ്റ്റിലെത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് വാളയാർ ചെക്ക് പോസ്റ്റ് വഴിയാണ് ഏറ്റവുമധികം വാഹനങ്ങൾ സംസ്ഥാനത്ത് രാവിലെ കടന്നുവന്നത്. രാവിലെ എട്ടുമണിമുതൽ ഒരു മണിക്കൂറിനകം മുപ്പതോളം വാഹനങ്ങളെ പരിശോധനകൾക്ക് ശേഷം അതി‌ർത്തി കടത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. നേരം പുലർന്നതോടെ തമിഴ്നാട്ടിൽ നിന്ന് വാളയാർ വഴി കേരളത്തിലേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

കർണാടകത്തിലെ മൈസൂരിൽ സ്പീച്ച് ആന്റ് ഹിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനത്തിന് പോയി കുടുങ്ങിയ 60 ഭിന്നശേഷി വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ 150 ഓളം പേരാണ് വയനാട്ടിലെ മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്ന് പ്രത്യേക വാഹനത്തിൽ കല്ലൂരിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിലെത്തിച്ച ഇവരെ കർശന പരിശോധനകൾക്ക് വിധേയരാക്കി വരികയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലിനെ തുടർന്നാണ് കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുങ്ങിയത്.

ഇതിന് പുറമേ ഇടുക്കിയിലെ കുമളി, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, കാസർകോട്ടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റുകളിലും തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും ഒറ്രയ്ക്കും കൂട്ടായും മലയാളികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഉച്ചയോടെ ഇവിടങ്ങളിൽ നിന്നും കൂടുതൽ പേർ വീടുകളിലേക്ക് എത്തിച്ചേരുമെന്നാണ് കരുതുന്നത്. ആരോഗ്യവകുപ്പിന് പുറമേ പൊലീസ്, റവന്യൂ, എക്സൈസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ജില്ലാ കളക്ടർമാരുടെയും എസ്.പിമാരുടെയും മേൽനോട്ടത്തിലാണ് പരിശോധനകൾ നടക്കുന്നത്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്കെത്താൻ മുപ്പതിനായിരം പേർക്കാണ് അനുമതിനൽകിയത്. പാസ് കിട്ടാത്തവർ കൊവിഡ് വാർ റൂമിൽ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ഒരുദിവസം 12,600 പേരെ അനുവദിക്കും. മഹാരാഷ്ട്രയിൽ നിന്നുള്ളവർക്ക് എൻ.ഒ.സി വേണ്ട. അന്തർ ജില്ലായാത്രയ്ക്ക് കളക്ടറുടെയോ എസ്. പിയുടെയോ അനുമതി വാങ്ങണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ലോക്ക് ഡൗൺമൂലം മറ്റുസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ ഇന്നുമുതലാണ് തിരികെയെത്തിക്കുന്നത്. നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്കാണ് യാത്രാപാസ് നൽകുന്നത്.