തിരുവനന്തപുരം: കൊവിഡ് നിയന്ത്രണ വിധേയമായി വരുന്ന സംസ്ഥാനത്ത് മൂന്നാംഘട്ട ലോക്ക് ഡൗൺ നടപ്പിലായി തുടങ്ങിയ ഇന്ന് നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ് വന്നതോടെ ഗ്രീൻ സോണുകളിൽ ജനജീവിതം സാധാരണ നിലയിലായി തുടങ്ങി. ഗ്രീൻസോണുകളിലും തീവ്രബാധിത പ്രദേശങ്ങളൊഴികെ റെഡ്സോണുകളിലെ മറ്റ് പ്രദേശങ്ങളിലും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളുൾപ്പെടെ കൂടുതൽ സ്ഥാപനങ്ങൾ തുറന്നു.
പൊതുഗതാഗതം, മദ്യശാലകളുടെ പ്രവർത്തനം, ബാർബർഷോപ്പുകൾ , ബഹുനിലക്കടകളുടെ പ്രവർത്തനം എന്നിവ ഒഴിച്ചാൽ പ്രധാനമാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും ഇന്ന് സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങി. കടകളുടെ പ്രവർത്തന സമയം ഇന്ന് മുതൽ അരമണിക്കൂർ കൂടി നീട്ടി വൈകുന്നേരം ഏഴരവരെയാക്കി. ഒറ്റ, ഇരട്ട അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനഗതാഗതത്തിന് അനുമതിയുളളതെങ്കിലും ഗ്രാമ പ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും ഇളവുകൾ ആസ്വദിച്ച് കൂടുതൽ പേർ റോഡിലിറങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഇന്നലെ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്ന സംസ്ഥാനത്ത് ജില്ലാ -സംസ്ഥാന അതിർത്തികളിലെല്ലാം കനത്ത ജാഗ്രത തുടരുകയാണ്. കർശനമായ പരിശോധനകൾക്ക് ശേഷമാണ് ആളുകളെ കടത്തിവിടുന്നത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരായ നടപടികളും പുരോഗമിക്കുന്നുണ്ട്. ഗ്രീൻ സോണുകളിൽപ്പെട്ട സ്ഥലങ്ങളിൽ മാളുകൾ, ഒറ്റനിലയുള്ള തുണിക്കടകൾ തുടങ്ങിയ കൂടുതൽ കടകൾ ഇന്ന് മുതൽ പ്രവർത്തിച്ചുതുടങ്ങി.
മൊബൈൽഫോൺ ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകളുടെ പ്രവർത്തനം ആഴ്ചയിൽ മൂന്നു ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ ചില വാർഡുകളും പാറശാല, ബാലരാമപുരം പഞ്ചായത്ത് പ്രദേശങ്ങളും തീവ്രബാധിതമേഖലകളായി തുടരുന്നതിനിടെ തിരുവനന്തപുരം നഗരവും റൂറൽ പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ അയഞ്ഞുതുടങ്ങിയിട്ടുണ്ട്.
ചാലക്കമ്പോളത്തിലും പരിസരത്തും ഇന്ന് രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞയാഴ്ച പൊലീസെത്തി കടകൾ അടപ്പിച്ച ഇവിടെ പിന്നീട് ഇന്നാണ് കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ, ചാത്തന്നൂർ, ഓച്ചിറ പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ കർശനമായി തുടരുന്നത്. ഗ്രീൻ സോണായ ആലപ്പുഴ ദിവസങ്ങൾക്ക് മുമ്പേ ഇളവുകൾ അനുഭവിച്ച് വരികയാണ്. ആലപ്പുഴയിൽ നിന്ന് ഇന്ന് ബിഹാറിലേക്ക് പുറപ്പെടാനിരുന്ന ട്രെയിൻ ബീഹാർ സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് റദ്ദാക്കി.
ഇവിടെ നിന്ന് ഇനി എന്നാണ് ബീഹാറിലേക്ക് സർവ്വീസ് ആരംഭിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. കൊവിഡ് ഭീതിയിലായിരുന്ന കോട്ടയത്ത് ചുമട്ടുതൊഴിലാളിക്ക് രോഗ ബാധയുണ്ടായതിനെ തുടർന്ന് അടച്ച മാർക്കറ്റ് തുറന്നു.കണ്ടെയ്ൻമെന്റ് മേഖലകളിലൊഴികെ കൂടുതൽ ഇളവുകൾ അനുവദിച്ച് കളക്ടറുടെ ഉത്തരവ് വന്നതോടെ ജില്ലയിലും ഭീതിയുടെ അന്തരീക്ഷം ഒഴിഞ്ഞു. എന്നാൽ ജില്ലാ അതിർത്തികളെല്ലാം ഇപ്പോഴും കനത്ത ബന്തവസിലാണ്.
കൊവിഡ് ബാധിത സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്ന് മലയാളികളുടെ വരവ് തുടങ്ങിയതോടെ ഇടുക്കി, പാലക്കാട് ജില്ലകളിൽ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് വീടുകളിലെത്തുന്നവർ ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ പരിശോധനയ്ക്ക് ആരോഗ്യവകുപ്പും പൊലീസും പദ്ധതികൾ ആവിഷ്കരിച്ചു.
എറണാകുളം ജില്ലയിലും സ്ഥിതിഗതികൾ സാധാരണനിലയിലായി. കൊച്ചിയിലെ മഹാറാണി മാർക്കറ്റിലുൾപ്പെടെ ആളുകളുടെ തിരക്കേറി. തുണിക്കടകൾ ഉൾപ്പെടെ ഒറ്റനിലക്കടകളെല്ലാം ഇവിടെ തുറന്നുതുടങ്ങിയിട്ടുണ്ട്. ഗ്രീൻസോണായ തൃശൂർ ജില്ലയിലും നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ ശക്തൻ മാർക്കറ്റുൾപ്പെടെ മാർക്കറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്കേറി. അതേസമയം മലബാർ മേഖലയിൽ കൊവിഡ് നിയന്ത്രണവിധേയമായി വരികയാണെങ്കിലും ഇവിടങ്ങളിൽ പരിശോധനകളും നിയന്ത്രണങ്ങളും ഇപ്പോഴും കർശനമായി തുടരുകയാണ്.