റിയാദ്: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പാലസ്തീനികളുടെ സഹായത്തിനായി സൗദി അറേബ്യ 2.66 മില്യൺ ഡോളർ സഹായം അനുവദിച്ചു. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്റർ മുഖേനയാണ് സഹായം നൽകുന്നത്. പലസ്തീനിലെ വെസ്റ്റ് ബാങ്കിലേക്കും ഗാസ മുനമ്പിലേക്കും 10 ദശലക്ഷം സൗദി റിയാൽ വിലവരുന്ന 12 വിഭാഗത്തിലുള്ള മെഡിക്കൽ ഉപകരണങ്ങളും നൽകുമെന്ന് അധികൃതർ അറിയിച്ചു.
ആദ്യ ഘട്ട ഉപകരണങ്ങൾ എത്തിക്കുന്നതിനായി ഇരു കൂട്ടരും കരാറിൽ ഒപ്പ് വച്ചു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീൻ പ്രദേശങ്ങളിൽ ഇതുവരെ 353 കേസുകളും രണ്ട് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് വ്യാപിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനും വിപണിയിലെ ചാഞ്ചാട്ടം തടയുന്നതിനുമുള്ള പ്രവർത്തനങ്ങൾ നിർത്തി 40 ദിവസത്തിന് ശേഷം പലസ്തീൻ സ്റ്റോക്ക് എക്സ്‌ചേഞ്ച് ഞായറാഴ്ച വ്യാപാരം പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വൈറസിനെതിരായ പോരാട്ടത്തിൽ യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണയ്ക്കുന്നതിനും സൗദി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു.