വീടും പരിസരവും ശുചിയായിരിക്കേണ്ടത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വീട് വൃത്തിയാക്കൽ ഒരിക്കലും തീരില്ലായെന്ന് പരാതിപ്പെടുന്നവരാണ് നമ്മളിലേറെയും. ദിവസവും ചെറിയ തോതിൽ എങ്കിലും വൃത്തിയാക്കുന്നതിനു പുറമേ ആഴ്ചയിൽ ഒരിക്കൽ നന്നായി വൃത്തിയാക്കുന്നത് ബാക്ടീരിയ പെരുകാതിരിക്കാൻ സഹായിക്കും. വീട് വൃത്തിയാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
ഏതു നേരവും വെള്ളം തട്ടുന്ന സാധനമായതുകൊണ്ട് വൃത്തിയാക്കേണ്ട എന്നു കരുതുന്ന ഉപകരണമാണ് വാഷിംഗ് മെഷീൻ. എന്നാൽ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ട ഒരു ഉപകരണമാണ് വാഷിംഗ് മെഷീൻ. ശുചിയല്ലാത്ത വാഷിംഗ് മെഷീനിലൂടെ വൃത്തിയായി അലക്കിക്കിട്ടിയ ഒരു തുണിയിൽ ബാക്ടീരിയ കൂടി കയറുന്നു. അതറിയാതെ നമ്മൾ വസ്ത്രം ധരിക്കുകയും അതു ശരീരത്തിനു പിന്നീട് ദോഷമായും മാറുകയും ചെയ്യുന്നു. അലർജിയും ആസ്മയും പോലെയുള്ള അസുഖമുള്ള രോഗികൾക്ക് ഇത് ഏറെ അസ്വസ്ഥത ഉണ്ടാക്കും.
ഒരു വീട്ടില്‍ ഏറ്റവും ശുചിത്വം ആവശ്യമുള്ള ഒരു സ്ഥലമാണ് അവിടത്തെ ശുചിമുറികൾ. ഈ കാര്യത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കും. എന്നാൽ മിക്കവരും മറന്നുപോകുന്ന ഒന്നുണ്ട്, ടോയ്‌ലറ്റ് ബ്രഷുകൾ. കഴുകി വെടിപ്പാക്കി ഒരു മൂലയ്ക്ക് ടോയ്‌ലറ്റ് ബ്രഷുകളെ സൂക്ഷിക്കുന്നവരാണ് മിക്കവരും. എന്നാൽ വൃത്തിയാക്കലിനു ശേഷം ഇത് ഉണക്കി സൂക്ഷിക്കണം. നനഞ്ഞ ടോയ്‌ലറ്റ് ബ്രഷുകൾ ബാക്ടീരിയയുടെ കേന്ദ്രമാണ്.
പല വീട്ടമ്മമാരും ദിവസവും കൃത്യമായി വൃത്തിയാക്കുന്ന ഒന്നാണ് കിച്ചൺ സിങ്ക്. എന്നാൽ സിങ്ക് വൃത്തിയാക്കലിനിടയിൽ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് അതിന്റെ ഡ്രെയിൻ കഴുകുന്നത്. ദുർഗന്ധം പടരാൻ തുടങ്ങിയാൽ മാത്രമായിരിക്കും ഇതിനെപ്പറ്റി ഓർക്കുക. പാത്രം വൃത്തിയാക്കിയാലുള്ള ഭക്ഷണസാധനങ്ങളും മറ്റും കൃത്യമായി പൈപ്പിൽ കൂടി പുറത്തുപോകണമെന്നില്ല. ഇതിലൂടെ ബാക്ടീരിയയും പെരുകുന്നു. വെള്ളം ശക്തിയായി ഒഴുക്കിയാൽ ഇവ തിരിച്ചു സിങ്കിനുള്ളിലേക്കു തന്നെ വരുന്നു. അതിനാൽ സിങ്കും പരിസരവും വൃത്തിയായി കഴുകി വെള്ളം ഒഴുക്കിക്കളയുന്നതിനു പുറമേ വെള്ളം ഒഴുകുന്ന ഭാഗം കൂടി തുറന്നു വൃത്തിയാക്കണം. ഇതിനായി ഒരു ടേബിൾ സ്പൂൺ അപ്പക്കാരം ഇതിലേക്കിടുക.. ഒപ്പം അല്‍പം വിനാഗിരിയും. ഒരു രാത്രി മുഴുവൻ ഇങ്ങനെ നിർത്തിയശേഷം രാവിലെ ചൂടു വെള്ളമുപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
അപകടകരമായ ലക്ഷക്കണക്കിനു ബാക്ടീരിയകളുടെ കേന്ദ്രമാണ് നിങ്ങളുടെ ടൂത്ത്ബ്രഷുകൾ. വായിൽ നിന്നു മാത്രമല്ല, ടോയ്‌ലറ്റിലെ ഹോള്‍ഡറിലാണ് ബ്രഷ് വയ്ക്കാറെങ്കിൽ അതിനുള്ളിലെ ബാക്ടീരിയകൾ കൂടി വായുവിലൂടെ നിങ്ങളുടെ ബ്രഷിൽ എത്തും. അതിനാൽ ബാത്‌റൂമിൽ ബ്രഷ് നേരിട്ട് സൂക്ഷിക്കുന്നത് ഒഴിവാക്കുക. പകരം കബോർഡിലോ മറ്റോ അടച്ച് സൂക്ഷിക്കുക.
അതുപോലെ തന്നെ ഷവറിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധചെലുത്തുക. ഷവർ ഹെഡുകൾ വെള്ളത്തിൽ നിന്നു വരുന്ന പൊടികളും അഴുക്കും അടിയുന്ന സ്ഥലമാണ്. അതിനാൽ ബാക്ടീരിയ വളരാനും എളുപ്പമാണ്. ഇത് ഒഴിവാക്കാൻ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ ഷവർ ഹെഡുകൾ സോഡാ വെള്ളത്തിലോ വിനാഗിരിയിലോ ഇട്ട് കഴുകുന്നത് നന്നായിരിക്കും. ദിവസവും ഷവർ ഉപയോഗിക്കുന്നതിനു മുമ്പ് അല്‍പം വെള്ളം ഒഴുക്കിക്കളയാനും ശ്രദ്ധിക്കണം. ഷവർ ഹെഡിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കാനാണിത്.
എക്‌സോസ്റ്റ് ഫാനുകള്‍ വൃത്തിയാക്കാൻ അധികമാരും ശ്രമിക്കാറില്ല. കാരണം ഇവ അല്‍പം ഉയരത്തിലായിരിക്കും. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും എക്‌സ്‌ഹോസ്റ്റ് ഫാനുകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ലീഫുകൾ ഊരിമാറ്റി അടിഞ്ഞുകൂടിയ പൊടി തട്ടിക്കളയുക.