മഡഗാസ്കറിലെ ഈ ഔഷധത്തിന്റെ ഗുണങ്ങൾ ശാസ്ത്രീയമായ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, കൊവിഡ് 19നെതിരെ ഈ മരുന്ന് ഗുണം ചെയ്യുമെന്നതിന് യാതൊരു തെളിവുമില്ല. എന്നാൽ പ്രസിഡന്റ് രജോലിനയ്ക്ക് ഇതൊരു വിഷയമേ അല്ല. മരുന്ന് കൊവിഡിനെ പറപറപ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ എല്ലാവരും ഈ മരുന്നിനെ പറ്റി മറ്റുള്ളവർക്കും പറഞ്ഞ് കൊടുക്കണമെന്നും രജോലിന പറയുന്നു. പൊതുവേദിയിൽ ഈ മരുന്ന് കുടിച്ചു കാണിക്കുകയും ചെയ്തു രജോലിന. പാവപ്പെട്ടവർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഈ മരുന്ന് സൗജന്യമായി നൽകുന്നുണ്ട്. 310 ഗ്രാം ബോട്ടിലിന് 30 സെന്റ് നിരക്കിലാണ് രാജ്യത്തെല്ലായിടത്തും മരുന്ന് വില്ക്കുന്നത്.
മഡഗാസ്കറിലെ പരമ്പരാഗത ഔഷധ സസ്യങ്ങളിൽ കഴിഞ്ഞ 30 വർഷങ്ങളായി ഗവേഷണങ്ങൾ നടത്തുന്ന മലഗാസി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ലൈഡ് റിസേർച്ച് എന്ന സ്വകാര്യ സ്ഥാപനമാണ് ' കൊവിഡ് ഓർഗാനിക്സ് ' എന്ന ഈ മരുന്നിന്റെ നിർമാതാക്കൾ. ഡോ. ജെറോം മുൻയാഗി എന്ന കോംഗോ വംശജനാണ് മരുന്നിന്റെ കണ്ടുപിടിത്തത്തിന്റെ അമരക്കാരൻ. മരുന്ന് കുപ്പിയുടെ ലേബലിൽ നിർമാണത്തിനുപയോഗിച്ചിരിക്കുന്ന പദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് പറയുന്നില്ല. എന്നാൽ ഔഷധച്ചെടിയായ ആർടെമിസിയയിൽ നിന്നാണ് ഈ മരുന്നുണ്ടാക്കിയിരിക്കുന്നതെന്നാണ് രജോലിന പറയുന്നത്.

മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ചില മരുന്നുകളുടെ നിർമാണത്തിന് ഈ ഔഷധ സസ്യം ഉപയോഗിക്കാറുണ്ട്. മഡഗാസ്കറിന് പുറമേ കാമറൂൺ, കെനിയ, എത്യോപിയ, സൗത്ത് ആഫ്രിക്ക, മൊസാംബിക്, ടാൻസാനിയ, ഉഗാണ്ട, സാംബിയ എന്നിവിടങ്ങളിലും ആർടെമിസിയ കൃഷി ചെയ്യുന്നുണ്ട്.
അതേ സമയം, മരുന്നിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനം ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഈ മരുന്ന് പ്രതികൂലമായി ബാധിച്ചേക്കാമെന്നും മഡഗാസ്കർ അക്കാഡമി ഒഫ് മെഡിസിനിലെ ആരോഗ്യവിദഗ്ദരുടെ പറയുന്നു.
ഇത്തരത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്നുകളുടെ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മഡഗാസ്കറിലെ ഈ ' മാജിക് ഔഷധം ' ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് ടാൻസാനിയ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ. ഗിനി - ബിസൗ തുടങ്ങിയ രാജ്യങ്ങളിൽ മഡഗാസ്കർ മരുന്ന് എത്തിച്ച് നൽകി കഴിഞ്ഞു.