lo

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശം പുറത്തിറക്കാത്തത് ആശയകുഴപ്പം സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി ശനിയാഴ്ച പ്രഖ്യാപിച്ച ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ ഉത്തരവായി ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഇളവുകൾ സംബന്ധിച്ച കാര്യങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.


മൂന്നാംഘട്ട ലോക്ക്ഡൗണിൽ കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. മദ്യശാലകൾ തുറക്കില്ലെന്നും ഗ്രീൻ സോണിൽ പൊതുഗതാഗതം അനുവദിക്കില്ലെന്നുമുള്ള കാര്യങ്ങളാണ് കേരളം നടപ്പാക്കില്ലെന്ന് പറഞ്ഞത്. എന്നാൽ, കടകൾ തുറക്കുന്നത്, ഏതൊക്കെ വാഹനങ്ങൾ നിരത്തിലിറക്കാം, ഒറ്റ - ഇരട്ട അക്ക വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ഇക്കാര്യങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കടകൾ തുറക്കുന്നതുസംബന്ധിച്ചുണ്ടായ ആശയക്കുഴപ്പത്തിൽ എറണാകുളത്തും കോഴിക്കോട്ടും വ്യാപാരികളും പൊലീസും തമ്മിൽ തർക്കമുണ്ടായി. കോഴിക്കോട്ട് മിഠായിത്തെരുവിൽ വ്യാപാരികളെ പൊലീസ് തടഞ്ഞു. ജനത്തിരക്ക് കുറവുള്ള പ്രദേശങ്ങളിൽ കടകൾ തുറക്കാം എന്നാണ് അധികൃതരുടെ നിലപാട്. റെഡ് സോണിൽ ഉൾപ്പെട്ട കോട്ടയെത്ത റോഡുകളിലും വൻ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത് .