റിയാദ്: മലയാളികൾ കൂട്ടത്തോടെ നാട്ടിലെത്താൻ കാത്തിരിക്കുമ്പോൾ കൊവിഡ് ബാധിതരുടെ എണ്ണവും പെരുകുന്നു. ഇതുവരെ 44 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് യു.എ.ഇയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിലും(52) ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബും(45) ആണ് മരിച്ചത്.ഇരുവരും രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
24 മണിക്കൂറിനിടെ നാലു മലയാളികളാണ് യു.എ.ഇയിൽ കൊവിഡ് ബാധിച്ചു മരിച്ചത്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അനവധി പേരാണ് മരിച്ചത്.
ഏറ്റവും കുറച്ച് മരണം ഖത്തറിലെന്ന് വെളിപ്പെടുത്തൽ
ലോകാടിസ്ഥാനത്തിൽ ഏറ്റവും കുറവ് മരണനിരക്ക് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്ന് ഖത്തറാണെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. അൽ കുവാരി വെളിപ്പെടുത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ലോകാരോഗ്യ സംഘടനക്ക് നൽകിയ വിശദീകരണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ 1,04,435 പേരിൽ പരിശോധന നടത്തി. രോഗം സ്ഥിരീകരിക്കപ്പെട്ടവർക്ക് വളരെ നേരത്തേ തന്നെ മികച്ച ചികിത്സ നൽകിയതുവഴി രോഗികളുടെ എണ്ണം കുറയ്ക്കാനായി. 91 ശതമാനം രോഗികളിലും നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. എട്ടു ശതമാനം രോഗികളാണ് ആശുപത്രിയിലുള്ളത്. ഒരു ശതമാനം രോഗികളെ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
12 മരണം മാത്രമാണ് ഖത്തറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തന്നെ ഭൂരിഭാഗം കേസുകളിലും മറ്റു രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരായിരുന്നു. അന്താരാഷ്ട്ര തലത്തിലും കൊവിഡിനെതിരായ പോരാട്ടത്തിൽ വലിയ പങ്കു വഹിക്കാൻ ഖത്തറിനായിട്ടുണ്ട്. ചൈന, ഇറാൻ, ഇറ്റലി, സ്പെയിൻ, അമേരിക്ക, ലബനാൻ, തുനീഷ്യ, അൽജീരിയ, റുവാണ്ട, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് അടിയന്തര മെഡിക്കൽ സഹായം എത്തിക്കാൻ ഖത്തറിന് സാധിച്ചു. പാലസ്തീനികൾക്കായി ഗസ്സയിലേക്ക് സാമ്പത്തിക പിന്തുണയും ജോർഡൻ, സിറിയ, ലബനാൻ എന്നിവിടങ്ങളിലെ അഭയാർത്ഥികൾക്കായി പ്രത്യേക സഹായവും ഖത്തർ നൽകിയതായി മന്ത്രി വിശദീകരിച്ചു.
ബുർജ് ഖലീഫയിൽ ലൈറ്റ് തെളിക്കാം, വിശക്കുന്നവന് ഭക്ഷണം നൽകാം
കൊവിഡ് കാലത്ത് വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കാൻ യു.എ.ഇയിലെ .ബുർജ് ഖലീഫയുടെ ലൈറ്റ് തെളിക്കാം. ഒരു ഭക്ഷണപ്പൊതിയുടെ വിലയായ പത്തുദിർഹം സംഭാവന നൽകുമ്പോൾ ബുർജ് ഖലീഫയിലെ എൽ.ഇ.ഡി ബൾബ് പ്രകാശിപ്പിക്കും. റംസാൻ നാളിൽ യു.എ.ഇ പ്രഖ്യാപിച്ച ഒരു കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന പദ്ധതിയോട് സഹകരിച്ചാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവും ബുർജ് ഖലീഫയും ചേർന്ന് ലൈറ്റ് തെളിക്കുന്നത്.
.828 മീറ്റർ അടി ഉയരമുള്ള ബുർജ് ഖലീഫയിൽ 12 ലക്ഷം എൽ.ഇ.ഡി ലൈറ്റുകളാണുള്ളത്. പദ്ധതി തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ ഒന്നേമുക്കാൽ ലക്ഷത്തിലധികം ഭക്ഷണപ്പൊതികൾക്കുള്ള സംഭാവനയാണ് ലഭിച്ചത്.