ramesh-chennithala-

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളികളെ തിരികെ കൊണ്ടുവരാൻ സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നിന്ന് വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുംബയ്,ബംഗളൂരൂ, ചൈന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലൊക്കെ സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തണം. ചീഫ് സെക്രട്ടറി ഇറക്കിയിരിക്കുന്ന ഉത്തരവ് അപ്രായോഗികമാണ്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ സർ‌ക്കുലറിലെ നിബന്ധനകളെല്ലാം സാധാരണക്കാരെ കൊണ്ടു നടക്കുന്ന കാര്യമല്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സർക്കാർ ഏകോപനത്തിൽ പാളിച്ച പറ്റിയെന്ന് പറഞ്ഞ അദേഹം അതിർത്തികളിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണെന്ന് ആരോപിച്ചു. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ വിദ്യാർത്ഥികളെ കൊണ്ടുവരാൻ നൂറിലധികം ബസുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ ബംഗളൂരിവിലേക്കും കോയമ്പത്തൂരിലേക്കും വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിൽ കേന്ദ്രം ഇറക്കിയ നിർദേശം അംഗീകരിക്കാനാകില്ല. കുറച്ചുകൂടി ഉദാരമായി കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. ധൂർത്തിനെയും അഴിമതിയെയും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി നാം മൂന്നോട്ട് പരിപാടിയിലൂടെ ചെയ്യുന്നത്. സംസ്ഥാനം ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോൾ പതിനായിരം രൂപ ദിവസ വേതനത്തിൽ കിഫ്‌ബിയിൽ ജീവനക്കാരെ എടുക്കുകയാണ്.കിഫ്ബി മുഴുവൻ ധൂർത്തും അഴിമതിയുമാണെന്ന് ചെന്നിത്തല ആരോപിച്ചു.നാം മുന്നോട്ട് പരിപാടി നരേന്ദ്രമോദിയുടെ മൻ കീ ബാത്തിൻെറ ദൃശ്യാവിഷ്കാരം ആണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.