rahul

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളില്‍നിന്ന് ട്രെയിൻ ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബി.ജെ.പി രംഗത്ത്. ഒരു സ്റ്റേഷനിലും ടിക്കറ്റുകള്‍ വില്‍ക്കാന്‍ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. യാത്രാക്കൂലിയില്‍ 85% സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ബാക്കി 15% സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കേണ്ടത്. സര്‍ക്കാരുകള്‍ക്ക് പണം നല്‍കാന്‍ സാധിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് നിര്‍ദേശം പാലിക്കാന്‍ പറയൂ എന്ന് ബി.ജെ.പി വക്താവ് സാംബിത് പാത്ര ട്വീറ്റ് ചെയ്തു.

തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് വില ഈടാക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു ഭാഗത്ത് 151 കോടി പി.എം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കുന്ന റെയില്‍വേ അതേസമയം മറുവശത്ത് സ്വന്തം നാട്ടിലേക്ക് തിരികെ പോകുന്ന തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് ഈടാക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു ട്വിറ്ററിലൂടെ രാഹുല്‍ വിമര്‍ശിച്ചത്.