pic

തിരുവനന്തപുരം: മാസ്ക്ക് ധരിക്കാത്തവർക്കെതിരെ ക‌ർശനനടപടിയുമായി നീങ്ങുന്ന കേരള പൊലീസ് മാസ്ക്കിനെ പ്രോത്സാഹിപ്പിക്കാൻ പുതിയ ചലഞ്ചുമായി രംഗത്ത്.കൊവിഡ് വ്യാപനം തടയാനും മാസ്ക്ക് ധരിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും സമ്മാന പദ്ധതിയുൾപ്പെടുത്തി വ്യത്യസ്തമായ പ്രചാരണ പരിപാടിയാണ് സംസ്ഥാന പൊലീസ് ആവിഷ്കരിച്ചിരിക്കുന്നത് . മാസ്ക്ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പൊലീസിന്റെ പുതിയ ചലഞ്ച്. വ്യത്യസ്തമായ ഫാമിലി മാസ്ക്ക് തയ്യാറാക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. പുതിയ ഡിസൈൻ അയക്കുന്നവർക്ക് 3000 രൂപ സമ്മാനം നൽകും. മികച്ച മാസ്ക്കണിഞ്ഞ കുടുംബ ഫോട്ടോകൾ പൊലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിൽ തുടക്കം മുതൽ സ്തുത്യർഹ സേവനം നടത്തിവരുന്ന പൊലീസ് , ജനപങ്കാളിത്തം കൂട്ടാനും മാസ്ക്ക് ഉപയോഗം വർദ്ധിപ്പിക്കാനുമാണ് മത്സരവുമായി രംഗത്തെത്തിയത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദേശം. കൊവിഡ് വ്യാപനം തടയാൻ ഉദ്ദേശിച്ചുള്ള കർശന നടപടിയാണ് ഇക്കാര്യത്തിൽ കേരളാ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങായാൽ ആദ്യം 200 രൂപയും ആവർത്തിച്ചാൽ 5000 രൂപയുമാണ് പിഴ ഈടാക്കുന്നത്. ശിക്ഷാനടപടികൾക്കൊപ്പം മാസ്ക്കിന്റെ കാര്യത്തിൽ മത്സരംകൂടി സംഘടിപ്പിച്ച് സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ മാസായിരിക്കുകയാണ് കേരള പൊലീസ്.