തിരുവനന്തപുരം: സൈക്കിൾ വാങ്ങാനായി വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാനയായി നൽകിയ ഏഴാം ക്ലാസുകാരിക്ക് സൈക്കിളുമായി കനിവ് ചാരിറ്റബിൾ സൊസൈറ്റി. രണ്ട് വർഷമായി സ്വരുക്കൂട്ടിയ 5,500 രൂപയാണ് സർവോദയ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അനുപമ കൃഷ്ണനാണ് ദുരിതാശ്വാസ നിധിയിലേക്കായി എം.എൽ.എ അഡ്വ. വി.കെ. പ്രശാന്തിന് തുക കൈമാറിയത്. എം.എൽ.എയുടെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന് സംഭവം അറിഞ്ഞതോടെ പോത്തൻകോട് കനിവ് ചാരിറ്റബിൾ സൊസൈറ്റി അനുപമയ്ക്ക് സൈക്കിൾ വാങ്ങാൻ തീരുമാനിച്ചു. ചാരിറ്റബിൾ സൊസൈറ്റി അംഗമായ തൻസീർ ഖാനാണ് സൈക്കിൾ വാങ്ങി നൽകിയത്. ഇന്നലെ എം.എൽ.എ വി.കെ. പ്രശാന്ത് സൈക്കിൾ അനുപമയ്ക്ക് കൈമാറി. കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരി മിഥുൻ രാജ്, തൻസീർ ഖാൻ, ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പാറ്റൂർ, പേട്ട സായൂജ്യത്തിൽ ഉണ്ണികൃഷ്ണന്റെയും അർച്ചനയുടെയും മകളാണ് അനുപമ കൃഷ്ണൻ.