പാലോട്: നന്ദിയോട് എസ്.കെ.വി ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി നന്ദിയോട് കള്ളിപ്പാറ ഈശ്വർ നിവാസിൽ ഹൃദ്യാരാജ് ചിത്രം വര പഠിച്ചിട്ടില്ല. എന്നാൽ ഈ ലോക്ക് ഡൗൺ സമയത്ത് ഹൃദ്യ വരച്ച് കൂട്ടിയ ചിത്രങ്ങൾ നൂറോളം. പേപ്പറിലും കുപ്പിയിലുമൊക്കെ വരച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ലോക്ക് ഡൗൺ ദിനങ്ങൾ എങ്ങനെ വിനിയോഗിക്കാം എന്ന ചിന്തയാണ് ചിത്രരചനയിലേക്ക് തിരിയാൻ ഹൃദ്യാരാജിന് പ്രചോദനമായത്. പ്രത്യാശയുടേയും പ്രതീക്ഷയുടേയും നല്ല ദിനങ്ങളാണ് ഇനി കടന്നു വരുന്നത് എന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുള്ള എളിയ പരിശ്രമങ്ങളാണ് തന്റെ ചിത്രങ്ങളിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് ഹൃദ്യപറഞ്ഞു. പേപ്പറും, ക്രയോൺസും, സ്കെച്ച് പേനകളുമാണ് ഈ പത്ത് വയസ്സുകാരി ചിത്രരചനക്ക് ഉപയോഗിക്കുന്നത്. കാർട്ടൂൺ കഥാപാത്രങ്ങളാണ് ചിത്രങ്ങളായ് പേപ്പറിൽ പകർത്തുന്നതെങ്കിലും ബാർബി എന്ന പാവക്കുട്ടിയുടെ ചിത്രവും മിക്കി മൗസുമാണ് ഏറെ ഇഷ്ടം. അനുജൻ ഹൃദ്വിക് രാജ് നന്ദിയോട് ഗവ.എൽ.പി.എസിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ചേച്ചിയെ പോലെ ചിത്ര വര ഇഷ്ടമാണെങ്കിലും മിമിക്രിയാണ് ഏറെ ഇഷ്ടം. ഹൃദ്യയുടെ പിതാവ് രാജീവ് അയ്യർ കവിയാണ്. കേരളാ സർവകലാശാലയുടെ ശ്രീനാരായണ ഗുരുദേവ അന്താരാഷ്ട്ര പഠനകേന്ദ്രം സംസ്ഥാന തലത്തിൽ നടത്തിയ ലേഖന മത്സരത്തിൽ പൊതുവിഭാഗത്തിൽ ഒന്നാം സ്ഥാനവും രാജീവ് അയ്യർക്കായിരുന്നു. ഹൃദ്യാരാജിന് ചിത്രകലയിൽ പ്രചോദനം ആകുന്നതും പിതാവ് ആണ്. നന്ദിയോട് എസ്.കെ.വി സ്കൂൾ ജീവനക്കാരനാണ് പിതാവ്. അമ്മ രാജി മോൾ വീട്ടമ്മയാണ്.