വാഷിംഗ്ടൺ: പലതരത്തിലുള്ള പ്രസ്താവനകൾ നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ട്രംപ് പക്ഷേ, കൊവിഡിന് മുന്നിൽ മൂക്കുകുത്തി വീണു. അതൊക്കെ മറച്ചു വയ്ക്കാൻ വീണ്ടും പ്രസ്താവനകളും പ്രവചനകളും നടത്തുകയാണ് ട്രംപ്. കൊവിഡിന്റെ ഉത്ഭവകേന്ദ്രമായ ചൈനക്കെതിരെ ആഞ്ഞടിച്ചുകൊണ്ടിരുന്ന ട്രംപ് സ്വന്തം രാജ്യത്തിനെതിരെയും പ്രസ്താവനകളിറക്കി പടവെട്ടിയിരുന്നു.
കൊവിഡ് നിസാരമെന്നായിരുന്നു ട്രംപിന്റെ ആദ്യപ്രസ്താവന. സംഗതി കൊഴുത്തതോടെ ട്രംപ് കളംമാറ്റി ചവിട്ടി. പിന്നെ ലോക്ക് ഡൗണിനുനേരെയായി വീരപരാക്രമം. നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നായിരുന്നു ട്രംപ് വാദിച്ചത്. സംസ്ഥാനങ്ങളിലെ ഗവർണർമാർ പറ്റില്ലെന്ന് പറഞ്ഞതോടെ ട്രംപ് വീണ്ടും സ്വരം മാറ്റി.
അടുത്ത തിരഞ്ഞെടുപ്പിന് ജയിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. അതിന് തുറുപ്പുഗുലാൻ വരെ എടുത്ത് പ്രയോഗിക്കുകയാണ് അദ്ദേഹം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നായി ട്രംപ്. എന്നാൽ ഇപ്പോൾ യു.എസ് പ്രസിഡന്റ് പുതിയൊരു പ്രവചനം നടത്തിയിരിക്കുകയാണ്. അത് മറ്റൊന്നുമല്ല കൊവിഡിൽ അമേരിക്കയിൽ ഒരു ലക്ഷത്തോളം പേർ മരിക്കുമെന്നാണ് പുതിയ പ്രവചനം.
കൊവിഡിൽ 75,800 മുതൽ 100,000 വരെ പേരെ തങ്ങൾക്ക് നഷ്ടമാകും. അതൊരു ഭയാനകമായ കാര്യമാണ്. എങ്കിലും അതാണ് വാസ്തവം. വർഷാവസാനത്തോടെ വൈറസിനെതിരെയുള്ള വാക്‌സിൻ വികസിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട്. വൈറസിനെക്കുറിച്ച് ജനുവരി 23 ന് തനിക്ക് മുന്നറിയിപ്പ് കിട്ടി. എന്നാൽ സംഗതി ഇത്ര ഗുരുതരമാകുമെന്ന് ബോദ്ധ്യപ്പെട്ടിരുന്നില്ല. ചൈനയിൽ നിന്നുള്ള വ്യോമഗതാഗതം അവസാനിപ്പിക്കാൻ താൻ അന്നു തന്നെ തീരുമാനമെടുത്തെന്നും ട്രംപ് പറയുന്നു.
വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലെ പരീക്ഷണ ശാലയാണെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇതിന് തെളിവുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ആരോപണത്തെ മറികടക്കാൻ ചൈനയാകട്ടെ പല നമ്പരുകളും ഇറക്കുന്നുണ്ട്. അതിനെയെല്ലാം അതിജീവിച്ച് ട്രംപ് പ്രസ്താവനകളുമായി മുന്നേറുകയാണ്.