market-

ചെന്നൈ: തമിഴ്നാടിനെ ആശങ്കയുടെ നടുവിലാഴ്ത്തിയിരിക്കുകയാണ് ചെന്നൈയിലെ കോയമ്പേട് മാർക്കറ്റ്. മഹാരാഷ്ട്രയിൽ ധാരാവി ചേരിയിൽ കൊവിഡ് പടർന്നുപിടിക്കുന്നത് ഇന്ത്യയൊട്ടാകെ ആശങ്കയോടെ നോക്കിക്കാണുന്നതിനിടെയാണ് തമിഴ്നാട്ടിൽ നിന്നും മറ്റൊരു വൻ ഹോട്ട്സ്പോട്ട് കൂടി ഉടലെടുത്തിരിക്കുന്നത്. 100 ലേറെ കൊവിഡ് കേസുകളുടെ പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ് കോയമ്പേട്.

സർക്കാരിന്റെ കഠിന പരിശ്രമങ്ങളുടെ ഫലമായി സംസ്ഥാനത്ത് കൊവിഡ് 19ന്റെ വ്യാപനം കുറഞ്ഞിരിക്കുന്നുവെന്നാണ് ഏപ്രിൽ 16ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ജില്ലാ കളക്ടർമാരും കാബിനറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്നും, കുറഞ്ഞത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ഥിതിഗതികൾ നിയന്ത്രണാവിധേയമാകുമെന്നും പളനിസ്വാമി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ 15 ദിവസങ്ങൾക്ക് ശേഷം ചെന്നൈയിൽ വീണ്ടും കൊവിഡ് അതിശക്തിയിൽ തിരിച്ചെത്തി. മുംബയ്ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മെട്രോപൊളിറ്റൻ നഗരമായി ചെന്നൈ മാറി. ഒരു പക്ഷേ, അന്ന് ചെന്നൈയിലെ കോയമ്പേടുള്ള ഏഷ്യയിലെ ഏറ്റവും വലിയ മൊത്തവ്യാപാര മാർക്കറ്റിന്റെ കാര്യം സർക്കാർ ആലോചിച്ചു കാണില്ല. തമിഴ്നാട് ഉപമുഖ്യമന്ത്രിയായ ഒ. പനീർശെൽവത്തിന്റെ കീഴിലാണ് കോയമ്പേട് മാർക്കറ്റിനെ ഉൾപ്പെടെ നിയന്ത്രിക്കുന്ന ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി പ്രവർത്തിക്കുന്നത്.

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷം മാർച്ച് 29ന് പനീർശെൽവം കോയമ്പേട് മാർക്കറ്റ് സന്ദർശിച്ച് വ്യാപാരികൾക്കും തൊഴിലാളികൾക്കും സാമൂഹ്യഅകലം പാലിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. മാർച്ച് 30നും പനീർശെൽവം ഇവിടെ സന്ദർശനം നടത്തിയിരുന്നു. മാർക്കറ്റ് സ്ഥിരം സാനിറ്റൈസ് ചെയ്യുന്നതായി ഏപ്രിൽ 6ന് പനീർശെൽവം പറഞ്ഞിരുന്നു. ഒടുവിൽ ഏപ്രിൽ 27നാണ് കോയമ്പേട് മാർക്കറ്റിൽ സാമൂഹ്യവ്യാപനം തടയാനുള്ള മാർഗങ്ങളെ പറ്റി ബന്ധപ്പെട്ടവരുമായി പനീർശെൽവം ചർച്ച നടത്തിയത്. ഹാൻഡ് വാഷുപയോഗിച്ച് കൈകൾ കഴുകുക, ഫേസ്‌‌ മാസ്കുകൾ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുവെന്ന് മാർക്കറ്റ് മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ തമിഴ്നാട്ടിലെ ഏറ്റവും വലിയ ക്ലസ്‌റ്ററുകളിലൊന്നായി മാറിയിരിക്കുകയാണ് കോയമ്പേട്.

ഇവിടെ നിന്നും ഉത്ഭവിച്ച ആദ്യ കൊവിഡ് കേസ് ഏപ്രിൽ 29ന് മൈലാപ്പൂരിലുള്ള ഒരു പലചരക്ക് വ്യാപാരിയ്ക്കാണ് സ്ഥിരീകരിച്ചത്. ഇയാളുടെ കുടുംബത്തിനും രോഗബാധ കണ്ടെത്തി. പിന്നാലെ അമ്പാറ്റൂരിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോയമ്പേടിലെ സ്ഥിരം സന്ദർശകനായ പച്ചക്കറി വില്പനക്കാരനിൽ നിന്നാണ് ഇവർക്ക് രോഗം വ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ മൊത്ത വ്യാപാര കേന്ദ്രമാണ് 295 ഏക്കറിലേറെ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന കോയമ്പേട്. മാർക്കറ്റിനുള്ളിലേക്കും പുറത്തേക്കും കടക്കാൻ കുറഞ്ഞത് 150 ഓളം കവാടങ്ങളുണ്ട്. ദിവസേന പതിനായിരക്കണക്കിന് പേർ വന്നുപോകുന്ന ഇവിടെ നിന്നുമാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പച്ചക്കറികളും പൂക്കളും കയറ്റുമതി ചെയ്യുന്നത്. കോയമ്പേട് പൂർണമായും അടച്ചു പൂട്ടൽ ഭീഷണിയ്ക്കു മുന്നിലാണിപ്പോൾ. ഒരു പക്ഷേ, അങ്ങനെ വേണ്ടി വന്നാൽ തമിഴ്നാട്ടിലെയും അയൽസംസ്ഥാനങ്ങളിലെയും പച്ചക്കറി വിതരണം അവതാളത്തിലാകുമെന്നതിൽ സംശയമില്ല.

1996ൽ പ്രവർത്തനമാരംഭിച്ച കോയമ്പേട് മൊത്തവ്യാപാര മാർക്കറ്റ് കോംപ്ലക്സിൽ ഏകദേശം 3,100 കടകളാണുള്ളത്. ഇതിൽ 1000ത്തോളം മൊത്തവ്യാപാര സ്ഥാപനങ്ങളും 2,000ത്തോളം റീട്ടെയിൽ കടകളും ഉൾപ്പെടുന്നു. 850 ലേറെ പഴക്കടകൾ. പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകാനായി ആയിരത്തിലേറെ വാഹനങ്ങൾ ദിവസവും കോയമ്പേടത്ത് എത്തുമെന്നാണ് കണക്ക്. ചെന്നൈയുടെ ഹൃദയമായ കോയമ്പേടിൽ ഇപ്പോൾ ലോക്ക്ഡൗണിനെ തുടർന്ന് വരുമാനം 50 ശതമാനം താഴ്ന്നതായാണ് കണക്കുകൂട്ടൽ. ഇപ്പോൾ മാർക്കറ്റ് ഭാഗികമായി അടച്ചിരിക്കുകയാണ്. 400 ഓളം മൊത്തവ്യാപാര കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പഴം,​ പൂക്കൾ എന്നിവയുടെ വ്യാപാരം മാധവാരത്തേക്ക് താത്കാലികമായി മാറ്റിയിരിക്കുകയാണ്. തമിഴ്നാട്ടിലെ പ്രധാന അഞ്ച് ക്ലസ്റ്ററുകളിൽ ഒന്നായ കോയമ്പേട് ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ് . കോയമ്പേടിൽ കൊവിഡിന്റെ ഉറവിടം കണ്ടെത്താനാകാതെ ആശയകുഴപ്പത്തിലായിരിക്കുകയാണ് അധികൃതർ. ഇതിനിടെയിൽ ചുമട്ട് തൊഴിലാളികൾക്കുൾപ്പെടെ രോഗം കുത്തനെ വ്യാപിക്കുന്നത് പുതിയ ആശങ്കകൾക്കിടയാക്കുന്നു.