കുവൈറ്റ്: കുവൈറ്റിൽ പൊതുമാപ്പ് കേന്ദ്രങ്ങളിൽ കഴിയുന്ന ഈജിപ്റ്റുകാർ അക്രമാസക്തരായി. പ്രതിഷേധക്കാർക്കെതിരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. കബദ് പ്രദേശത്താണ് സംഭവം.
മൂന്നാഴ്ചയായി കേന്ദ്രങ്ങളിൽ കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാനാവാത്തതിലുള്ള പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. തിരിച്ചു പോക്ക് വൈകുന്നത് കുവൈറ്റിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ലെന്നും ഈജിപ്ത് സർക്കാർ വ്യോമ ഗതാഗതത്തിനു അനുമതി നൽകാത്തത് കാരണമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ബോദ്ധ്യപ്പെടുത്തി. മുഴുവൻ അന്തേവാസികളും രാജ്യത്തെ നിയമം പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്നും നിയമ ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 1 മുതൽ 30 വരെ താമസ നിയമ ലംഘകർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി അപേക്ഷ സമർപ്പിച്ചവരെ നാട്ടിലേക്ക് തിരിച്ചു പോകുന്നത് വരെ സർക്കാർ മേൽനോട്ടത്തിലുള്ള പ്രത്യേക കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്..ഇവരുടെ യാത്രാ ചെലവും കുവൈറ്റ് സർക്കാരാണ് വഹിക്കുന്നത്.
ഫിലിപ്പീൻസ് മാത്രമാണ് തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോയത്. ഇന്ത്യ, ഈജിപ്ത് , ബംഗ്ലാദേശ് , എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു അന്തേവാസികളിലധികവും. ഓരോ രാജ്യക്കാരെയും പ്രത്യേക കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്.