shop

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവ് ലഭിച്ചതോടെ ഒന്നരമാസത്തിലേറെയായി അടഞ്ഞുകിടന്ന ചെറുകിട വസ്ത്രവ്യാപാരശാലകൾ റെഡ് സോൺ, ഹോട്ട് സ്പോട്ട് മേഖലകളിലൊഴികെ തുറന്നു. തുടർച്ചയായി അടഞ്ഞുകിടന്നതിനാൽ തുണികൾക്കുണ്ടായ കേടുപാടുകൾ വ്യാപാരികളെ വിഷമത്തിലാക്കി. വൃത്തിയാക്കലായിരുന്നു മുഖ്യമായും ഇന്നലെ നടന്നത്. സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാൽ ഒറ്റമുറി കടകളിൽ ഒരാളും മറ്റ് കടകളിൽ രണ്ട് ജീവനക്കാരുമാണ് ജോലിക്കെത്തിയത്.

ഉത്സവ സീസൺ,​ വിഷു എന്നിവ പ്രമാണിച്ച് സ്റ്റോക്ക് ചെയ്തിരുന്ന വസ്ത്രങ്ങൾ കടകളിൽ കെട്ടിക്കിടക്കുകയാണ്. അടഞ്ഞുകിടന്നതിനാൽ ഉണ്ടായ ഈർപ്പം കാരണം കോട്ടൺ വസ്ത്രങ്ങൾ,​ ഇളം നിറങ്ങളുള്ള വസ്ത്രങ്ങൾ എന്നിവയുടെ നിറം മങ്ങി. നിരവധി ദിവസം ഒരേ നിലയിൽ ഇരുന്നതിനാലുണ്ടായ ചുളിവുകളും വസ്ത്രങ്ങളുടെ ഗുണനിലവാരത്തെ ബാധിച്ചു. ഇവ എങ്ങനെ വിൽക്കുമെന്ന ആശങ്കയിലാണ് കടയുടമകൾ. റംസാൻ വിപണിയിലൂടെ വസ്ത്രവില്പന മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് ആഴ്ചയിൽ ഒരിക്കൽ സ്റ്റോക്ക് മാറുകയാണ് ചെറുകിട കച്ചവടക്കാരുടെ പതിവ്. ലോക്ക് ഡൗൺ കാരണം അതിന് സാധിച്ചില്ലെന്നും കേടുപാടുകൾ പറ്റിയ വസ്ത്രങ്ങൾ നിർമ്മാണ കമ്പനികൾ തിരച്ചെടുക്കില്ലെന്നും വസ്ത്ര വ്യാപാരികൾ പറഞ്ഞു. ആഘോഷങ്ങൾ പ്രമാണിച്ച് സ്റ്റോക്ക് ചെയ്ത വസ്ത്രങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കട ഉടമകൾ. ചെറുകിട വസ്ത്ര വ്യാപാരികൾക്ക് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ക്ഷേമനിധിയിൽ അംഗമായവർക്ക് 1,​000 രൂപ ധനസഹായം ലഭിച്ചിരുന്നു. എന്നാൽ വസ്ത്ര വ്യാപാരികളിൽ 10 ശതമാനം മാത്രമാണ് ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർ. മറ്റുള്ളവർക്ക് സഹായമൊന്നും ലഭിച്ചിട്ടില്ല. പലർക്കും ഇൻഷ്വറൻസുമില്ല.

ഇന്നലെ പല ജില്ലകളിലും ജനത്തിരക്ക് അനുഭവപ്പെട്ടെങ്കിലും തുണിക്കടകളിൽ കച്ചവടം കുറവായിരുന്നു. ഇളവുകൾ പ്രഖ്യാപിച്ചതിനാൽ വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. കച്ചവടം മെച്ചപ്പെട്ടില്ലെങ്കിൽ അടച്ചിടുന്നതിനെക്കാൾ നഷ്ടമായിരിക്കും. ലോക്ക് ഡൗൺ ദിനങ്ങളിലേതുൾപ്പെടെയുള്ള കടവാടകയും വ്യാപാരികളെ അലട്ടുന്നുണ്ട്. ലോക്ക് ഡൗൺ ദിനങ്ങളിലെ വാടക നൽകേണ്ടെന്ന നിബന്ധനയുണ്ടെങ്കിലും ചില കെട്ടിടഉടമകൾ ആവശ്യപ്പെടുന്നതായി വ്യാപാരികൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയിലൂടെയും മറ്റും സർക്കാർ സഹായത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഫലമൊന്നും ഉണ്ടായിട്ടില്ല.