jenny

ബെർലിൻ : മനുഷ്യരെല്ലാം വീടിനുള്ളിൽ കഴിയുമ്പോഴും ഒരാൾ മാത്രം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് നഗരത്തിലൂടെ മാസ്കോ മറ്റ് സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ കൂളായി നടക്കുന്നത് കാണാം. ജെന്നിയെന്ന പെൺകുതിരയാണിത്. ദിവസവും രാവിലെ മുതൽ നഗരത്തിലൂടെയുള്ള സവാരി ജെന്നിയ്ക്ക് പതിവാണ്. ഇപ്പോൾ ലോക്ഡൗണിലും അതിനൊരു മാറ്റവുമില്ല. ഫ്രാങ്ക്ഫർട്ട് നഗരത്തിൽ മെയ്ൻ നദിയുടെ തീരത്തുള്ള ഫെഷനെയിം മേഖലയിലുള്ളവർക്ക് കഴിഞ്ഞ ഒരു ദശാബ്ദമായി ജെന്നിയെ അറിയാം.

ഇവിടുത്തെ പുൽമേടുകളും റോഡുകളുമെല്ലാം ജെന്നിയ്ക്കൊരുപോലെയാണ്. അറേബ്യൻ കുതിരയായ ജെന്നിയ്ക്ക് ഏകദേശം 25 വയസ് പ്രായം വരും. സാധാരണ റോഡിലൂടെ നടക്കുമ്പോൾ കാൽനടക്കാരെ ജെന്നി സ്നേഹത്തോടെ തട്ടുന്ന പതിവുണ്ട്. അവർ തിരിച്ചും ജെന്നിയെ തലോടും. എന്നാൽ കഴി‌ഞ്ഞ കുറേ ആഴ്ചകളായി പതിവ് കണ്ടുമുട്ടുന്നവരെയൊന്നും ജെന്നിയ്ക്ക് കാണാനാകുന്നില്ല. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേത് പോലെ ജർമനിയിലും കൊവിഡ് നിയന്ത്രണങ്ങൾ തുടരുകയാണ്. സ്കൂളുകളും മാളുകളും തിയേറ്ററുകളും അടഞ്ഞു കിടക്കുകയാണ്. എന്നാൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ നൽകിയതോടെ ആളുകൾക്ക് സാമൂഹ്യ അകലം പാലിച്ചു കൊണ്ട് പുറത്തിറങ്ങാം.

jenny

കൂടുതൽ കടകളും തുറന്നു. വ്യായാമത്തിനും നടക്കാനുമായി പുറത്തിറങ്ങാൻ അനുമതി ലഭിച്ചതോടെ ജർമൻ തെരുവുകൾക്ക് വീണ്ടും ജീവൻ വച്ചു തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ ജെന്നിയ്ക്ക് അല്പമാശ്വാസമുണ്ട്. കുറച്ച് മനുഷ്യരെയെങ്കിലും കാണാം. ഇവരാരും തന്നെ ജെന്നിയെ ആട്ടിയോടിക്കുകയോ ഭയപ്പെടുത്തുകയോ ഇല്ല. ഏകദേശം വൈകിട്ട് നാല് മണിയോടെ ജെന്നി തന്റെ കറക്കമൊക്കെ മതിയാക്കി പുൽമേട്ടിലേക്കോ നദിക്കരയിലേക്കോ മടങ്ങും. ഇത്രയും നാളായി ആർക്കും ഒരു ബുദ്ധിമുട്ടും സൃഷ്ടിച്ചില്ലാത്തതിനാൽ ജെന്നിയെ ഇവിടെ നിന്നും മാറ്റാൻ ആരും ശ്രമിച്ചിട്ടുമില്ല. ജെന്നിയ്ക്ക് പേടിയുള്ള ഏക കാര്യം കരിമരുന്ന് പ്രയാഗത്തിന്റെ ശബ്ദമാണെന്ന് പ്രദേശവാസികൾ പറയുന്നു. 165,664 പേർക്കാണ് ജർമനിയിൽ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6,866 പേർ മരിച്ചു. കഴിഞ്ഞ ദിവസം 697 പുതിയ കൊവിഡ് കേസുകളാണ് ജർമനിയിൽ റിപ്പോർട്ട് ചെയ്തത്. 54 പേരാണ് രാജ്യത്ത് കഴി‌ഞ്ഞ ദിവസം മരിച്ചത്.