തിരുവനന്തപുരം : ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ചതോടെ തലസ്ഥാനത്തെ പ്രധാന മാർക്കറ്റായ ചാലയിലെ തിക്കും തിരക്കും കുറയ്ക്കാൻ വ്യാപാരികളഉടെ സഹകരണത്തോടെ പൊലീസ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സാധനങ്ങൾ വാങ്ങാൻ വരുന്നവർ വാഹനങ്ങളുമായി ചാലയിൽ പ്രവേശിക്കാൻ പാടില്ല. കാൽനടയായി വന്നുവേണം സാധനങ്ങൾ വാങ്ങാൻ. അവശ്യവസ്തുക്കളുമായെത്തുന്ന ചരക്ക് വാഹനങ്ങളെ മാത്രമേ ഇനി ഒരു ഉത്തരവ് ഉണ്ടാകുംവരെ ചാലയിൽ പ്രവേശിപ്പിക്കൂ. സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ വിളിച്ചുചേർത്ത വ്യാപാരി – വ്യവസായി സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് പുതിയ തീരുമാനം.
അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് വാഹനങ്ങൾക്ക് കിള്ളിപ്പാലം – ആര്യശാല വഴി ചാലയിലേക്ക് പ്രവേശനം. പൊതുജനങ്ങളുടെ വാഹനങ്ങൾ ഇതുവഴി അനുവദിക്കില്ല. സാധനങ്ങൾ വാങ്ങാൻ വരുന്നവർ വാഹനങ്ങൾ പവർഹൗസ്, അട്ടക്കുളങ്ങര ബൈപ്പാസ് റോഡുകളിൽ പാർക്ക് ചെയ്തശേഷം കിഴക്കേക്കോട്ട വഴി നടന്ന് ചാലയിൽ പ്രവേശിക്കണം.തെർമൽ സ്കാനർ ഉപയോഗിച്ച് ഓരോരുത്തരേയും പരിശോധിച്ച് മാത്രമേ കടത്തിവിടൂ. കൊത്തുവാൾ സ്ട്രീറ്റ്, സഭാപതി റോഡ് എന്നിവിടങ്ങളിലൂടെ ചരക്ക് വാഹനങ്ങൾക്ക് ചാലയിൽ പ്രവേശിക്കാം. എല്ലാ ചരക്ക് വാഹനങ്ങളും കരിംസ് കിഴക്കേക്കോട്ട വഴിയാണ് പുറത്ത് പോകേണ്ടത്. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള കടകൾ 50 ശതമാനം ജീവനക്കാരെ വച്ച് മാത്രമേ പ്രവർത്തിക്കാവൂ. സാമൂഹ്യ അകലം നിർബന്ധമാണ്. കടയുടമകൾ കയർ കെട്ടുകയോ കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തുകയോ ടോക്കൺ സംവിധാനം നടപ്പാക്കുകയോ വേണം. ഇന്ന് ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങളെയാണ് നിരത്തിലിറങ്ങാൻ അനുവദിച്ചത്.
മെഡിക്കൽ സംബന്ധമായ അത്യാവശ്യങ്ങൾക്കും സർക്കാർ അനുവദിച്ച അവശ്യസേവന വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കും നമ്പർ നിബന്ധന ബാധകമാകില്ല. എല്ലാവരും നിർബന്ധമായും മാസ്ക്ക് ധരിക്കണം. നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.