കല്ലമ്പലം: നാവായിക്കുളം എക്സൈസിന്റെ പരിശോധനയിൽ കുടവൂർ മേഖലയിൽ നിന്ന് 5 ലിറ്റർ ചാരായവും, 150 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കുടവൂർ വിടയത്ത് ലക്ഷം വീട് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന സൈനുദ്ദീ (57) ന്റെ വീട്ടിൽ നിന്നാണ് ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. വീട്ടിൽ ചാരായം നിർമ്മിച്ച് വിൽക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി പ്രദേശം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ എക്സൈസ് സംഘം വീട് വളഞ്ഞെങ്കിലും ഇവരുടെ സാന്നിദ്ധ്യം മണത്തറിഞ്ഞ പ്രതികൾ മുങ്ങുകയായിരുന്നു. ഒളിവിൽ പോയ സൈനുദ്ദീനും കൂട്ടാളിയായ ഇർഷാദി (30) നുമായി അന്വേഷണം ഊർജിതപ്പെടുത്തിയതായി നാവായിക്കുളം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ എ. അഷ്‌റഫ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ താരീഖ്. ജെ, സജീർ. എസ്, ലിബിൻ.എൽ, ഷൈൻ. എം. എസ് എന്നിവർ അടങ്ങുന്ന സംഘമാണ് വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.