pravasi

തിരുവനന്തപുരം: വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് സുരക്ഷയൊരുക്കലും മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കലും പൊലീസിന്റെ പൂർണ ചുമതലയായിരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ മാർഗരേഖ പുറത്തിറക്കി. ആരോഗ്യ പരിശോധനയുടെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനായിരിക്കും. ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായ പുതിയ ക്രമീകരണങ്ങൾ സംബന്ധിച്ചിറക്കിയ ഉത്തരവിലാണ് പ്രവാസികളുടെ മടങ്ങിവരവിനായുള്ള മാർഗനിർദ്ദേശങ്ങളും അക്കമിട്ട് വിവരിച്ചിരിക്കുന്നത്.

മാർഗരേഖ: വിദേശത്തുനിന്ന് വരുന്നവർ

- എയർപോർട്ടുകളിൽ എത്തുന്ന പ്രവാസികൾക്ക് കൊവിഡ്-19 സ്ക്രീനിംഗിന് സൗകര്യമൊരുക്കണം

-രോഗലക്ഷണമുള്ളവരെ സർക്കാർ ഒരുക്കിയ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റണം

-നിരീക്ഷണത്തിലിരിക്കെ പരിശോധനാഫലം പോസിറ്റീവായാൽ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റണം

-സ്ക്രീനിംഗിൽ രോഗലക്ഷണമില്ലാത്തവരെ പ്രത്യേക വഴികളിലൂടെ വീടുകളിലേക്ക് വിടും

- വീട്ടിലേക്കുള്ള വഴിക്കിടെ എവിടെയും ഇറങ്ങാനോ ആളുകളോട് ഇടപെടാനോ പാടില്ല

-14ദിവസം വീടുകളിൽ കഴിയണം. വീട്ടിൽ പ്രത്യേക മുറിയും ബാത്ത്റൂമും ടോയ്‌‌ലെറ്റും വേണം

-ഈ സൗകര്യമില്ലാത്ത വീടാണെങ്കിൽ സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ കെട്ടിടത്തിലേക്ക് മാറ്റണം

-വീട്ടിൽ പെട്ടെന്ന് രോഗം പിടിപെടാനിടയുള്ളവരുണ്ടെങ്കിൽ പ്രവാസിയെ സർക്കാർ സംവിധാനത്തിലാക്കണം

- ഹോട്ടലിൽ താമസിക്കണമെന്നാഗ്രഹിക്കുന്നവർക്ക് സ്വന്തം ചെലവിൽ സൗകര്യമൊരുക്കണം

- ഇത്തരക്കാർക്കായി പൊലീസ് മറ്റൊരു കെട്ടിടം ജില്ലകളിൽ കണ്ടെത്തണം

-ഇവരെ ബന്ധപ്പെടേണ്ടത് പ്രാദേശിക മോണിറ്ററിംഗ് സംവിധാനം വഴി

-ടെലിമെഡിസിൻ, മൊബൈൽ ക്ലിനിക് എന്നിവ ഇവർക്കും ബാധകം

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ

- വിദ്യാർത്ഥികൾ, കേരളത്തിൽ സ്ഥിരതാമസക്കാരായ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, മറ്റാരോഗ്യാവശ്യങ്ങളുള്ളവർ എന്നിവർക്ക് മുൻഗണന.

-ഇവരുടെ യാത്രയ്ക്ക് സർക്കാരിന്റെ ഓൺലൈൻ സംവിധാനം

-നിശ്ചിത സംസ്ഥാനാതിർത്തികളിലെത്തുന്നവരിൽ രോഗലക്ഷണമുള്ളവർക്ക് സർക്കാർവക ക്വാറന്റൈൻ.

- ആരോഗ്യപ്രശ്നമില്ലാത്തവർക്ക് വീടുകളിലേക്ക് പോകാം. 14ദിവസം വീട്ടിൽ ക്വാറന്റൈൻ.

മേൽനോട്ടത്തിന് സമിതി

- പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അതത് തദ്ദേശസ്ഥാപനങ്ങളിൽ ചെയർപേഴ്സണിന്റെ അദ്ധ്യക്ഷതയിൽ കമ്മിറ്റി. തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷനേതാവ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, എം.എൽ.എ അല്ലെങ്കിൽ പ്രതിനിധി, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ പ്രതിനിധി, വില്ലേജോഫീസർ, തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറി, പി.എച്ച്.സി മേധാവി, സഹകരണബാങ്ക് പ്രസിഡന്റ്, സാമൂഹ്യസന്നദ്ധസേനാ പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാവർക്കർ പ്രതിനിധി, പെൻഷണേഴ്സ് യൂണിയൻ പ്രതിനിധി എന്നിവർ അംഗങ്ങൾ.

-പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കാനും തീരുമാനമെടുക്കാനും കളക്ടർ, എസ്.പി, ഡി.എം.ഒ, ജില്ലാ പഞ്ചായത്തോഫീസർ എന്നിവരടങ്ങിയ സമിതി.