
തിരുവനന്തപുരം: ലോക്ക് ഡൗണിൽ അദ്ധ്യായനം നഷ്ടപ്പെടാതിരിക്കാൻ സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ളാസുകൾ ആരംഭിക്കാൻ സർക്കാർ ആലോചന. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ടെലിവിഷൻ , ഇന്റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരം ലഭ്യമാക്കാൻ സർവ്വശിക്ഷാ അഭിയാൻ (എസ്.എസ്.എ.) സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെ നിർദേശപ്രകാരം സ്‌കൂൾ അധികൃതരുമായി സി.ആർ.സി. കോർഡിനേറ്റർമാർ ആശയവിനിമയം നടത്തി.
ടെലിവിഷൻ, കേബിൾ കണക്ഷൻ, നെറ്റ് കണക്ഷൻ, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമല്ലാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കലായിരുന്നു ആശയവിനിമയത്തിന്റെ ലക്ഷ്യം.കേബിൾ, ടിവി, ഇന്റർനെറ്റ് ഇല്ലാത്തവർ, ടിവി മാത്രമുള്ളവർ, ടിവിയും കേബിളും മാത്രമുള്ളവർ, ടിവിയും ഇന്റർനെറ്റുമുള്ളവർ, സ്മാർട്ട്‌ഫോണും ഇന്റർനെറ്റുമുള്ളവർ എന്നിങ്ങനെ വിദ്യാർത്ഥികളുടെ വിവരങ്ങൾ തരംതിരിച്ചാണ് എസ്.എസ്.എ ശേഖരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ മിക്ക കുട്ടികൾക്കും ഇത്തരം സൗകര്യമുണ്ടെന്ന് കണ്ടെത്തിയതോടെ ഓൺലെൻ ക്ലാസുകൾ നടത്താനാകുമെന്നാണ് കരുതുന്നത്.ഇല്ലാത്തവർക്ക് അവ ലഭ്യമാക്കുകയോ അവരെ നിശ്ചിത അകലത്തിൽ ക്ലാസിലിരിക്കാൻ അനുവദിക്കുകയോ ചെയ്യും.
കുട്ടികൾക്ക് സംശയനിവാരണത്തിനും അവസരമുണ്ടാകും. ഓൺലൈൻ ക്ളാസെടുക്കാൻ അദ്ധ്യാപകർക്ക് സ്‌കൂൾ തലത്തിൽ പരിശീലനം നൽകും. തുടക്കത്തിൽ സെക്കന്ററി, ഹയർസെക്കന്ററി തലത്തിലാവും ഓൺലൈൻ പഠനം. എല്ലാ ഹയർസെക്കന്ററി സ്‌കൂളിലും സ്മാർട്ട് ക്ലാസും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. സെക്കൻഡറി സ്‌കൂളുകളിൽ മിക്കയിടത്തും ഈ സൗകര്യമുണ്ട്. അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് മാനേജ്‌മെന്റാണ്.
എസ്.എസ്.എ, വിക്‌ടേഴ്‌സ് ചാനൽ, കൈറ്റ് എന്നിവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. എല്ലാ സ്‌കൂളിലേക്കുമായി ഒരോ വിഷയത്തിനും ഒരു ക്ലാസ് മതിയോ എന്നതും പരിശോധിക്കുന്നുണ്ട്.
സ്‌കൂളുകൾ പ്രാപ്തമാണെങ്കിൽ സ്വന്തം നിലയിൽ ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ അവർക്ക് സ്വയം ക്രമീകരിക്കാം. അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങൾ ഓൺലൈൻ ക്ലാസിനുള്ള നടപടി തുടങ്ങി. സി.ബി.എസ്.ഇ. സ്‌കൂൾ ജൂൺ ഒന്നിനു തുറക്കുമെന്നാണ് മാനേജ്‌മെന്റുകൾ പറയുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ തുടക്കത്തിൽ ഓൺലൈനിലാകും ക്ളാസുകൾ.നിയന്ത്രണ കാലത്ത് ലാബ്, പ്രൊജക്ട് വർക്കുകൾ തുടങ്ങിയവ ഒഴിവാക്കിയേക്കും.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾ ലോക്ക്ഡൗണിനു ശേഷമേ ഉണ്ടാകൂവെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന സൂചന. പൊതു ഗതാഗതമില്ലാത്തതിനാൽ വിവിധ ജില്ലകളിലുള്ള അദ്ധ്യാപകർക്ക് സ്‌കൂളിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണിത്. വാർഷിക പരീക്ഷ പൂർത്തിയാകാത്ത ഒമ്പതാം ക്ലാസുകാർക്ക് ടേം പരീക്ഷകളിലെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും പ്രമോഷൻ.