കിളിമാനൂർ: ആംബുലൻസിൽ ആളെ കടത്തിയെന്നു പറഞ്ഞുള്ള അറസ്റ്റ് തെറ്റിദ്ധാര മൂലമെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ. 29 ന് രാത്രി 9 മണിക്ക് എസ്.കെ.എസ്.എസ്.എഫ് സാന്ത്വനം കെയറിന്റെ ആംബുലൻസ് ജില്ലാതിർത്തിയായ വാഴോട്ടു വച്ച് പൊലീസ് പിടികൂടുകയും നാലുപേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.എന്നാൽ, ഇവരുടെ തന്നെ മറ്റൊരു ആംബുലൻസ് ചെങ്ങനാശേരിയിൽ ഐ.എം.എ യുടെ മെഡിസിനുമായി പോകവേ അപകടത്തിൽപ്പെട്ടിരുന്നു. അവിടത്തെ പൊലീസ് അറിയിച്ചതിനെ തുടർന്ന് മെക്കാനിക്കുമായി പോകവേയാണ് പൊലീസ് പിടികൂടിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വാഹനം പിടികൂടിയ ഉടൻ തന്നെ പ്രദേശത്തെ മറ്റൊരു ആംബുലൻസിന്റെ ഓണറോടു വിളിച്ചു കാര്യം തിരക്കിയ പൊലീസ്, ഈ കമ്പനിയോട് വൈരാഗ്യമുള്ള അയാൾ പറഞ്ഞ കള്ളക്കഥകൾ വച്ച് കേസെടുക്കുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. മികച്ച രീതിയിൽ സേവനം നടത്തുന്ന സാന്ത്വനം കെയറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി.എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട് . അതേസമയം, ഇവർക്കെതിരെ ലോക്ക് ഡൗൺ ലംഘനം, രജിസ്ട്രേഷൻ ലംഘനം എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി കിളിമാനൂർ പൊലീസ് പറയുന്നു.