general

ബാലരാമപുരം: റോഡ് നവീകരണത്തിനായി പാകിയ മെറ്റലുകൾ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ റോഡിലേക്ക് വ്യാപിച്ചത് വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. ബാലരാമപുരം - കാട്ടാക്കട റോഡിൽ തണ്ണിക്കുഴി ഭാഗത്താണ് മെറ്റൽ ഇളകി കിടക്കുന്നത്. ദേശീയപാത അതോറിട്ടിയുടെ കീഴിൽ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് റോഡിന് സമീപം മെറ്റൽ പാകിയത്. ലോക്ക് ഡൗണിനെ തുടർന്ന് പണികൾ നിറുത്തിവയ്ക്കേണ്ടി വന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. പഴയ രേണുക കല്യാണമണ്ഡപത്തിന് മുന്നിലും തണ്ണിക്കുഴിയിലും റോഡിന് സമീപത്തെ മെറ്റൽ മഴയത്ത് ഒലിച്ചുപോയി ഭീമൻ കുഴികൾ രൂപപ്പെട്ടു. വീടിന് മുന്നിലെ അപകടസാദ്ധ്യത മുന്നിൽ കണ്ട് സ്വകാര്യ വ്യക്തി മെറ്റൽ കഷ്‌ണങ്ങൾ കുറച്ച് നീക്കം ചെയ്തു. നാട്ടുകാർ പരാതി അറിയിച്ചിട്ടും മരാമത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.