ഗാന്ധിനഗർ: സൂറത്തിൽ കുടിയേറ്റ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം. നാട്ടിലേക്ക് മടങ്ങിപ്പോകാനായി ട്രെയിൻ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തെരുവിലറങ്ങിയ തൊഴിലാളികളാണ് പൊലീസുമായി ഏറ്റുമുട്ടിയത്. പ്രതിഷേധം അതിരുവിടുന്ന ഘട്ടമെത്തിയതോടെ പൊലീസ് ലാത്തിവീശി.ഇതോടെ തൊഴിലാളികൾ പൊലീസിനുനേരെ കല്ലെറിഞ്ഞു. കണ്ണീർവാതകം പ്രയോഗിച്ചാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. ലാത്തിച്ചാർജിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
കൂലി ലഭിക്കുന്നില്ല, വാടക കൊടുക്കാൻ സാധിക്കുന്നില്ല തുടങ്ങിയവയാണ് തൊഴിലാളികളുടെ പരാതികൾ. സൂറത്തിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുന്ന ബീഹാർ,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് പ്രതിഷേധിച്ചത്. ലോക്ക്ഡൗൺ നിലവിൽ വന്നതിനുശേഷം ഇത് അഞ്ചാം തവണയാണ് സൂറത്തിൽ കുടിയേറ്റ തൊഴിലാളികളും പൊലീസും തമമിൽ സംഘർഷമുണ്ടാകുന്നത്. സംസ്ഥാനത്തുനിന്ന് കുടിയേറ്റ തൊഴിലാളികൾക്ക് മടങ്ങാനായി സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സർവീസുകളുടെ എണ്ണം കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്.