ലോക്ക് ഡൗൺ നിബന്ധനകളിൽ അയവു വന്നതോടെ മൈ ജി ഡിജിറ്റൽ ഹബ്ബും തുറന്നു പ്രവർത്തിച്ചു തുടങ്ങി. സംസ്ഥനത്ത് ആകെ 76 ഷോറൂമുകളിൽ ഇന്നലെ 58 എണ്ണം തുറന്നു. മറ്റു മാസങ്ങളെ അപേക്ഷിച്ച് 40ശതമാനത്തോളം ബിസിനസ് അധികമായി കിട്ടേണ്ട ഏപ്രിൽ മാസം കൈവിട്ടു പോയി. ഇനി എങ്ങനെയാകുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു. സാഹചര്യം ഇതൊക്കെയാണെങ്കിലും എല്ലാത്തിനെയും പോസിറ്റീവായി കാണുകയാണ് മൈ ജി ഡിജിറ്റൽ ഹബ് ചെയർമാനും എം.ഡിയുമായ എ.കെ.ഷാജി.
ലോക്ക് ഡൗൺ കാലത്തും പുതിയ പദ്ധതികളെക്കുറിച്ചുള്ള ചിന്തയിൽ മുഴുകി. ജീവനക്കാരുമായി സംസാരിച്ചു. മാറുന്ന സാഹചര്യത്തിൽ അവരെക്കൂടെ വിശ്വാസത്തിലെടുത്ത് ഉത്സാഹം കെടാതെ കൂടെനിറുത്തി. മുൻവർഷങ്ങളിലെ സെയിൽസും ചെലവുകളുമെല്ലാം സമാധാനത്തോടെയിരുന്ന് പരിശോധിച്ചു. അതനുസരിച്ച് ഭാവി പ്ലാൻ ചെയ്തു. പുതിയ മേഖലകളിലേക്ക് കടക്കാനുള്ള തീരുമാനം ലോക്ക് ഡൗൺ നാളുകളിൽ ഒന്നുകൂടി ഉറപ്പിച്ചു. ഇതോടെ മനസ് ഫ്രീയായി. ബാക്കി സമയം വീട്ടുകാർക്കായി വിട്ടുകൊടുത്തു. അങ്ങനെ ഉമ്മയും ഭാര്യയും മൂന്നു മക്കളും ഹാപ്പിയായി. എപ്പോഴും ബിസിനസ് യാത്രകളിലായിരിക്കുന്ന ഷാജിയെ അങ്ങനെ അവർക്ക് തിരിച്ചുകിട്ടി.
ലോക്ക് ഡൗൺ കാലത്ത് താമരശേരിയിലെ വയലിൽ വാഴ കൃഷി തുടങ്ങി. പിന്നെ ഭാര്യ ഹാജിറയ്ക്കൊപ്പം അടുക്കളയിൽ കയറി. മീൻ വിഭവങ്ങൾ തയ്യാറാക്കി. സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ എഴുതി നിൽക്കുന്ന മൂത്തമകൻ ഹാനിയുടെ തുടർ പഠനത്തെക്കുറിച്ച് ചർച്ച, അവനും രണ്ടാമത്തവൾ ഹീനാ ഫാത്തിമയും ഇളയവൾ ഹനീനയുമൊത്ത് പലതരം വിനോദങ്ങൾ...അങ്ങനെ പോയി താമരശേരി ആശാരിക്കൽ വീട്ടിലെ ദിനങ്ങൾ. ലോക്ക് ഡൗൺ കാലത്തെ ജീവിതത്തെക്കുറിച്ചും ബിസിനസ് ചിന്തകളെക്കുറിച്ചും ഷാജി പറയുന്നു.
ഓണം മോശമാകില്ല
പുത്തൻ പദ്ധതിയുണ്ട്
ആറു മാസത്തിനുള്ളിൽ ബിസിനിസ് പഴയ രീതിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഓണത്തിന് ഏറ്റവും കൂടുതൽ ബിസിനസ് കിട്ടുന്നത് സർക്കാർ ഉദ്യോഗസ്ഥരുടേതാണ്. അതിൽ കുറവുണ്ടാകുമെന്ന് കരുതുന്നില്ല. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കൂട്ടുന്നതിനും അവരെ ആകർഷിക്കുന്നതിനുമായി കമ്പനികളുമായി സംസാരിച്ച് പല പദ്ധതികൾ പ്ളാൻ ചെയ്യുന്നുണ്ട്. സാധാരണക്കാരും ഇടത്തരക്കാരുമാണ് കൂടുതലായി എത്തുന്നത്. അവർക്ക് വേണ്ടി പലിശരഹിത തവണ തിരിച്ചടവ് വ്യവസ്ഥകൾ (ഇ.എം.ഐ) ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. പലിശ കമ്പനി നൽകണമെന്നാണ് നമ്മുടെ ആവശ്യം. അതോടെ ആവശ്യക്കാർ ഹാപ്പിയാകും. ഇനി ഓൺലൈൻ ബിസിനസ് കൂടുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടു തന്നെ സ്മാർട്ട് ഫോൺ കൂടുതൽ പേർ വാങ്ങും.
ഏത് സ്ഥാപനത്തിന്റെ നിലനിൽപ്പിനും ജീവനക്കാരുടെ പിൻബലം അത്യാവശ്യമാണ്. നമ്മളൊരു കുടുംബത്തെ പോലെയാണ്. അവരുടെ ഭാഗത്തു നിന്ന് നല്ല പിന്തുണയുണ്ട്. പിന്നെ വേണ്ടത് കെട്ടിടം ഉടമകളുടെ സപ്പോർട്ടാണ്. 85 ഷോറൂമുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അതിൽ 60 ശതമാനം ഉടമകളും ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് വാടക കുറച്ചു. രണ്ടും മൂന്നും മാസത്തെ വാടക ഒഴിവാക്കി തന്നവരുണ്ട്. ഈ പിന്തുണ ഇപ്പോഴത്തെ അവസ്ഥ മറികടക്കാൻ കരുത്ത് നൽകുന്നതാണ്.
കുതിപ്പിനൊരുങ്ങി
ഇനി കരുതിയിരിക്കണം
കഴിഞ്ഞ സാമ്പത്തിക വർഷം 640 കോടി രൂപയായിരുന്നു ആകെ ബിസിനസ്. ഈ വർഷം അത് ആയിരം കോടിയാക്കുകയായിരുന്നു ലക്ഷ്യം. മൈ-ജി ഡിജിറ്റൽ ഹബിന്റെ ഷോറൂമുകൾ നൂറ് തികയ്ക്കുക എന്ന ലക്ഷ്യത്തിനായി കോട്ടയം, ചങ്ങനാശേരി, കട്ടപ്പന, അടിമാലി, പറവൂർ എന്നിവിടങ്ങളിൽ മാർച്ച് 25ന് ഷോറൂം തുറക്കാനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ചങ്ങനാശേരിയിൽ മോഹൻലാലിനെ കൊണ്ടു വരാനായിരുന്നു പ്ളാൻ. എല്ലാം തെറ്റി.
ലോക്ക് ഡൗൺ എത്രകാലം പോകുമെന്ന് മുൻകൂട്ടി പറയാൻ കഴിയാത്ത സാഹചര്യം. ഒരു പ്രവചനം സാദ്ധ്യമല്ല. ആറു മാസത്തിനുളളിൽ ബിസിനസ് പഴയ രീതിയിലെത്തിക്കാൻ കഴിയുമെന്നതാണ് ഇപ്പോൾ ലഭിക്കുന്ന പോസിറ്റീവ് സൂചന.
ചൈനയെ
അവഗണിക്കാൻ കഴിയില്ല
മൂന്നു മാസത്തെ ബിസിനസിന് ആവശ്യമായ സാധനം മൈ ജി ഡിജിറ്റൽ ഹബിലുണ്ട്. അക്‌സസറീസ് വരുന്നത് ചൈനയിൽ നിന്നാണ്. അതും സ്റ്റോക്കുള്ളതിനാൽ മൂന്നു മാസം വരെ പോകും. തുടർന്നും ചൈനയിൽ നിന്ന് കണ്ടെയ്നറുകൾ വന്നില്ലെങ്കിൽ അത് മേഖലയെ ബാധിക്കും. ഇവിടെ പല കമ്പനികളും മൊബൈൽ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ സ്പെയർ പാർട്സുകൾ ചൈനയിൽ നിന്നാണ് വരുന്നത്.
എല്ലാം ചൈനീസ് ഉത്പന്നങ്ങളല്ല, ഉദാഹരണത്തിന് സാംസംങിന്റെ നിർമ്മാണം കൊറിയയിലാണെങ്കിലും അതിന്റെ സ്പെയർ പാർട്സുകൾ ചൈനയിൽ നിന്ന് വരണം. ഇപ്പോഴത്തെ അവസ്ഥയിൽ ചൈനയെ അവഗണിക്കാൻ കഴിയില്ല.
പുത്തൻ ലുക്കിൽ ലാൽ
എത്തിയത് മൈ-ജി ഷോറൂമിൽ
2006 ലെ കേരളപ്പിറവി ദിനത്തിൽ ത്രീ-ജി എന്ന പേരിലാണ് സ്ഥാപനം തുടങ്ങുന്നത്. ഇപ്പോൾ 76 ഷോറൂമുകളുണ്ട്. അന്ന് ത്രീ ജി നെറ്റ് വർക്ക് വന്നിട്ടില്ല. പിന്നെ ത്രീ ജി വന്നു. 2016ലാണ് 'മൈ-ജി' എന്നു പേര് മാറ്റിയത്. മൈ ജി എന്നാൽ മൈ ജനറേഷൻ എന്നർത്ഥം. മൊബൈൽ, ടാബ്, സ്മാർട്ട് ടിവി, ലാപ്ടോപ്പ് അങ്ങനെ എല്ലാമുണ്ട്. മോഹൻലാൽ പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടത് മൈ-ജി കൊച്ചി ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു. അന്ന് അത് വലിയൊരു ചർച്ചയായിരുന്നു. മോഹൻലാലിന്റെ മുഖത്തെക്കുറിച്ചായിരുന്നു ചൂടൻ ചർച്ചകൾ. ലാലേട്ടൻ നല്ല രാശിയുള്ള ആളാണ്. എല്ലാത്തിനെയും കച്ചവടക്കണ്ണോടെ കാണുന്നയാളല്ല. നല്ല പിന്തുണ തരും, ഒരു സഹോദരനെ പോലെ.
ഗൾഫിൽ നിന്നെത്തിയ ശേഷമാണ് നാട്ടിൽ ബിസിനസ് തുടങ്ങിയത്. ഗൾഫ് എനിക്കിഷ്ടമായിരുന്നില്ല. ഞങ്ങൾ സഹോദരങ്ങൾ ഏഴുപേരിൽ മൂന്നു പേരും ഗൾഫിലാണ്. ഉപ്പ കുഞ്ഞമ്മദ് ഹാജിയാണ് എന്റെ മാർഗദർശി. എന്റെ റോൾ മോഡൽ. സെലിബ്രിറ്റികളെ വച്ച് ലാവിഷായിട്ടുള്ള പരിപാടികൾ ബിസിനസ് പിടിക്കാൻ ആവശ്യമെങ്കിൽ അത് ചെയ്യണമെന്നായിരുന്നു ഉപ്പ പറഞ്ഞിരുന്നത്. നമ്മൾ മാത്രമല്ല, നമ്മളെകൊണ്ട് മറ്രുള്ളവരും ജീവിക്കണം. അതിനായി കൂടുതൽ പേർക്ക് തൊഴിൽ നൽകണമെന്നും ഉപ്പ പറയുമായിരുന്നു. സ്ഥാപനത്തിന്റെ വളർച്ച കണ്ടിട്ടാണ് ഉപ്പ മരിച്ചത്.
ഈ രംഗം വിട്ട് മറ്റൊരു രംഗത്തേക്ക് കടക്കാൻ പദ്ധതിയുണ്ട്. അത് പിന്നീട് പ്രഖ്യാപിക്കും. അതും ഇതുപോലെ നിരവധി ശാഖകളുള്ള സ്ഥാപനമായിരിക്കും.
പണ്ട് ഇതു തുടങ്ങിയപ്പോഴും ആശങ്ക അലട്ടിയില്ല, ഇപ്പോൾ ഈ കാലവും നല്ലതിനാണെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ; നിറഞ്ഞ ചിരിയോടെ എ.കെ.ഷാജി പറയുന്നു.