ആലപ്പുഴ- ലോക്ക്ഡൗൺ കാലത്ത് ആലപ്പുഴയിൽ ഗാർഹിക പീഡനങ്ങളെ പ്രതിരോധിക്കാൻ "ജാഗ്രത'യുമായി കുടുംബശ്രീ. ദേശീയ–-സംസ്ഥാന തലത്തിൽ ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്നത് കണക്കിലെടുത്ത് ആലപ്പുഴ കുടുംബശ്രീ ജെൻഡർ ടീം ആണ് "ജാഗ്രത' രൂപീകരിച്ചത്.പട്ടണക്കാട്ട് വീട്ടുവഴക്കിനെത്തുടർന്ന് വീട്ടമ്മ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതയ്ക്ക് രൂപം നൽകിയത്. വാർഡ് തലത്തിൽ ജില്ലയിലാകമാനം ജാഗ്രതയുടെ പ്രവർത്തനം തുടങ്ങിയതോടെ കഴിഞ്ഞ 20 ദിവസങ്ങളായി പുതിയ കേസുകളില്ല.
അയൽക്കൂട്ടങ്ങൾ കൂടാൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് പ്രാദേശികമായ ഗാർഹിക അതിക്രമങ്ങൾ തടയാൻ "ജാഗ്രത' പിറന്നത്. പഞ്ചായത്ത് -വാർഡ്തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തി പ്രാദേശിക ഇടപെടൽ നടത്തിയാണ് പ്രവർത്തനം. വീടിനുള്ളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആവശ്യമെങ്കിൽ കൗൺസിലിംഗും നിയമ സഹായവും നൽകും. സി.ഡി.എസ്, എ.ഡി.എസ് തല ആക്ഷൻ ടീമും വാട്സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചാണ് പ്രവർത്തനം. സി.ഡി.എസ് തല ടീമിൽ ചെയർപെഴ്സൺ, പഞ്ചായത്ത് പ്രസിഡന്റ്, വാർഡംഗം, വിജിലന്റ് ഗ്രൂപ്പ് ലീഡർ, പൊതുസമ്മതർ, ആശവർക്കർ, അങ്കണവാടി വർക്കർ, സി.ഡി.എസ് അംഗങ്ങൾ, ജെൻഡർ ടീം അംഗങ്ങൾ എന്നിവരാണുള്ളത്. വാർഡ് തല ഗ്രൂപ്പിൽ വിജിലന്റ് ഗ്രൂപ്പ്, അയൽക്കൂട്ടം, എ.ഡി.എസ് അംഗങ്ങൾ എന്നിവർ ഉൾപ്പെടും.
ആദ്യ ഘട്ടത്തിൽ വീടുകളിൽ വിളിച്ച് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയനുസരിച്ച് വിവരം ശേഖരിക്കും. 10 ചോദ്യങ്ങളുണ്ട്. കുറഞ്ഞത് 10 പേരെയെങ്കിലും ഒരംഗം വിളിക്കും. ഏതെങ്കിലും തരത്തിൽ ഇടപെടൽ വേണ്ടിടത്ത് കമ്യൂണിറ്റി കൗൺസിലറുടെയോ അല്ലെങ്കിൽ ജില്ലാതല ഫെസിലിറ്റേറ്ററുടെയോ സഹായം ഉറപ്പാക്കണം. ആവശ്യമെങ്കിൽ സ്നേഹിതയിലേക്ക് റിപ്പോർട്ട് ചെയ്യാം. ജെൻഡർ റിസോഴ്‌സ് സെന്റർ ഉള്ള സ്ഥലങ്ങളിൽ അതുവഴി പ്രവർത്തനം നടത്താം.
ജില്ലാതലത്തിൽ സ്നേഹിതയുടെ നിരീക്ഷണത്തിലായിരിക്കും പ്രവർത്തനം.. സ്നേഹിത ജീവനക്കാർ ബ്ലോക്ക് തലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോ –-ഓർഡിനേറ്റർ ജെ പ്രശാന്ത് ബാബു, അസി. കോ-–-ഓർഡിനേറ്റർ കെ ബി അജയകുമാർ, ജില്ലാ പ്രോഗ്രാം മാനേജർ സുനിതാ മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.