വിതുര: വേനലവധിക്കാലം, സഞ്ചാരികളെ വരവേല്ക്കാൻ മോടികൂട്ടി കാത്തിരിക്കുന്ന കാലം. കോടിക്കണക്കിന് രൂപ വരുമാനം വനം വകുപ്പിനും ടൂറിസം വകുപ്പിനും നേടിക്കൊടുക്കുന്നത് ഈ സമയത്താണ്. എന്നാൽ വേനലവധിക്കാലം ലോക്ക് ഡൗണിൽപ്പെട്ട് ഏതാണ്ട് കുഴഞ്ഞ് മറിഞ്ഞ മട്ടാണ്. വിനോദസഞ്ചാരത്തിനായി ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് വിതുര പൊൻമുടി കേന്ദ്രങ്ങളാണ്. അവധിക്കാലം ആരംഭിച്ചാൽ പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് ഒഴുകി എത്താറുള്ളത്. എന്നാൽ ലോക്ക് ഡൗൺ കാരണം നിലവിൽ ആളൊഴിഞ്ഞ പൂരപ്പറമ്പിന് തുല്യമാണ്. ഇനി വരാൻപോകുന്ന ഓണക്കാലത്തോടെ മാത്രമേ അടഞ്ഞുകിടന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ കഴിയൂ എന്നാണ് ടൂറിസം വകുപ്പ് അധികാരികൾ പറയുന്നത്. അതും കൊവിഡ് പ്രതിരോധവും വൈറസ് വ്യാപനവും തടഞ്ഞാൽ മാത്രം.
ലോക്ക് ഡൗണിന് മുൻപ് തന്നെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാർച്ച് 10ന് പൊന്മുടി വിനോദസഞ്ചാരകേന്ദ്രം അടച്ചു. പൊന്മുടിക്ക് പുറമെ ബോണക്കാട് ചാത്തൻകോട് വാഴ്വാന്തോൾ വെള്ളച്ചാട്ടം കാണാനും അയിരക്കണക്കിന് ടൂറിസ്റ്റുകൾ എത്താറുണ്ട്. ഇവിടെയും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് നഷ്ടം സംഭവിക്കുന്നത്.
വനംവകുപ്പിന്റെ നിയന്ത്രണത്തിൽ രൂപീകരിച്ച ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയിൽ നിന്നും താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച ആദിവാസികൾ ഉൾപ്പടെയുള്ളവരാണ് വനം വകുപ്പിന്റെ കീഴിൽ ടൂറിസം മേഖലയിൽ ജോലിനോക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ ടുറിസം കേന്ദ്രങ്ങൾക്ക് പൂട്ട് വീഴുകയും ഇവരുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു. ജില്ലായിൽ ഇത്തരത്തിൽ ജോലി നോക്കുന്ന ആയിരക്കണക്കിന് പേരുണ്ട്. ഇവരുടെയെല്ലാം കുടുംബങ്ങൾ പട്ടിണിയിലാണ്.
പൊൻമുടി
സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിൽ ആണ് പൊന്മുടിയിൽ വനം വകുപ്പിന് കൂടുതൽ വരുമാനം ഉണ്ടാകുന്നത്. ഈ രണ്ട് മാസത്തിനുള്ളിൽ 50 ലക്ഷത്തോളം രൂപ പാസ് ഇനത്തിൽ മാത്രം ലഭിക്കുന്നത്. ഏകദേശം ഈ കാലയളവിൽ കുട്ടികൾ ഉൾപ്പടെ 2 ലക്ഷത്തിൽ പരം സഞ്ചാരികൾ പൊൻമുടിയിൽ എത്താറുമുണ്ട്. ഇത്തരത്തിൽ ഒരുവർഷം അഞ്ച്ലക്ഷത്തിൽ പരം സഞ്ചാരികളിൽ നിന്നും രണ്ട് കോടിയോളം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇക്കുറി സ്ഥിതി മറിച്ചാണ്.
വാഴ്‌വാന്തോൾ വെള്ളച്ചാട്ടം
തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്റർ സഞ്ചരിച്ചാൽ വാഴ്വന്തോൾ വെള്ളച്ചാട്ടം. ചൂട്കാലം വരുമ്പോൾ സഞ്ചാരികൾ ഒരുപാട് പേർ ഇവിടെ എത്താറുണ്ട്. വെള്ളച്ചാട്ടത്തിൽ കുളിക്കാനും ട്രക്കിംഗ് നടത്താനും വനം വകുപ്പിന്റെ പാക്കേജും നിലവിലുണ്ട്. 10 പേരടങ്ങുന്ന ഒരു സംഘത്തിന് 1500 രൂപയാണ് പാക്കേജ്ഫീസ്. ഒരു ഗൈഡിനെയും വിട്ടുനൽകും.
മീൻമുട്ടി വെള്ളച്ചാട്ടം
തലസ്ഥാനത്തുനിന്നും 45 കിലോമീറ്റർ ദൂരത്തിൽ സഞ്ചരിച്ചാൽ മീൻമുട്ടിയിൽ എത്താം. നെയ്യാർ അണക്കെട്ടിന് പരിസര പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇവിടേക്ക് വാഹന സൗകര്യം ഇല്ലാത്തതിനാൽ 2 കിലോമീറ്ററോളം വനത്തിലൂടെ നടക്കണം. ഇതും സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രധാന ഘടകമാണ്. വനത്തിന്റെ പശ്ചാത്തലത്തിൽ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നുകരാൻ നിരവധിപേർ വേനലവധിക്കാലത്ത് എത്താറുണ്ട്.ഒരാൾക്ക് 30 രൂപ പാസ്സ് ഇനത്തിൽ ഒരു വർഷം 70 ലക്ഷത്തോളം രൂപ കളക്ഷൻ കിട്ടും. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ 2 ലക്ഷത്തോളം രൂപ വരെ വരുമാനം ലഭിച്ചു.