പോത്തൻകോട് : ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് ശാന്തിഗിരിയിൽ ഈ വർഷത്തെ നവഒലി ജ്യോതിർദിന ചടങ്ങുകൾ ആരംഭിച്ചു. ആരാധനകളും പ്രത്യേക പൂജകൾക്കും ശേഷം ഇന്നലെ രാവിലെ ദർശന മന്ദിരത്തിൽ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ആശ്രമ കുംഭം നിറച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും ചേർന്ന് ആശ്രമ കുംഭം ശിഷ്യപൂജിതയിൽ നിന്ന് എറ്റുവാങ്ങി. തുടർന്ന് വൈകിട്ട് സന്യാസിമാർ കുംഭം ശിരസിലേറ്റി ആശ്രമ സമുച്ഛയത്തിൽ പ്രദക്ഷിണം ചെയ്തു. നവഒലി ജ്യോതിർ ദിനമായ ബുധനാഴ്ച രാവിലെ ധ്വജം ഉയർത്തൽ, തുടർന്ന് പ്രത്യേക പുഷ്പാഞ്ജലി, ആരാധനകൾ തുടങ്ങിയവ നടക്കും. വൈകിട്ട് ദീപപ്രദക്ഷിണം ചടങ്ങ് നടക്കും. സർക്കാർ നിയന്ത്രണങ്ങളെ തുടർന്ന് സ്‌പിരിച്വൽ സോണിലേക്കുള്ള എല്ലാ കവാടങ്ങളൂം അടച്ചിട്ടുണ്ട്. നിയുക്തരായ അഞ്ചുപേർ മാത്രമേ പൂജാദി കാര്യങ്ങളിൽ പങ്കെടുക്കുള്ളൂ എന്ന് ആശ്രമം അധികൃതർ അറിയിച്ചു.