കോവളം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ ഏറ്റവും ദുരിതത്തിലായത് കർഷകരാണ്. കാർഷിക വിപണികളുടെ പ്രവർത്തനം നിലച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. പച്ചക്കറി വിപണന കർഷക സമിതി സംഘങ്ങളായ വെങ്ങാനൂർ, പള്ളിച്ചൽ എന്നിവിടങ്ങളിലെ കർഷകരിൽ നിന്ന് സംഭരിച്ച വിളകൾക്ക് ഹോർട്ടികോർപ് 80 ലക്ഷം രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്. വെങ്ങാനൂർ, കല്ലിയൂർ, പള്ളിച്ചൽ തുടങ്ങിയ പഞ്ചായത്തുകളിൽ 5500ൽ പരം കർഷകരാണുള്ളത്. ഇതിൽ എഴുപത് ശതമാനത്തോളം കർഷകർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ്. 2014ലെ ചുഴലിക്കാറ്റിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിനാശം സംഭവിച്ചത് ഇവിടങ്ങളിലാണ്. നാശനഷ്ടങ്ങൾക്ക് സർക്കാർ അടിയന്തര സഹായങ്ങൾ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ യാതൊരു സഹായവും ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. പ്രദേശത്തെ കർഷകരുടെ ഉത്പന്നങ്ങൾ സമിതികൾ വഴി ആനയറയിലെ വേൾഡ് മാർക്കറ്റിലാണ് എത്തിക്കുന്നത്. ഉത്പന്നങ്ങൾ ഹോർട്ടികോർപ് ഏറ്റെടുക്കുകയും കർഷകരുടെ വിലകൾ അവരവരുടെ ബാങ്ക് അക്കൗണ്ടിലൂടെ നൽകുകയാണ് ചെയ്ത് വന്നിരുന്നത്. ജില്ലയിലെ നെടുമങ്ങാട് വിപണി വഴി കൊടുത്ത കർഷകർക്ക് എം.എൽ.എ യുടെ ഇടപെടലിലൂടെ അടുത്ത കാലത്ത് ധനസഹായം ലഭിച്ചതായും കർഷകർ പറയുന്നു. ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് പലരും കൃഷി ചെയ്തത്. കൃഷി ചെലവിന്റെ നാലിലൊന്ന് പോലും ലഭിച്ചില്ലെന്ന് കർഷകർ വേദനയോടെ പറയുന്നു. നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ തുടർ കൃഷിയിറക്കാൻ നിവൃത്തിയില്ലാതെ പ്രതിസന്ധിയിലാണ് പലരും.
3 പഞ്ചായത്തുകളിലായി കൃഷിചെയ്യുന്നത് 5500 ഓളം കർഷകർ
ചുഴലിക്കാറ്റിനെ തുടർന്ന് കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം- 38 ലക്ഷം രൂപ
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇക്കഴിഞ്ഞ ഏപ്രിൽ 4ന് നാശനഷ്ടമുണ്ടായ 19 കർഷകരുടെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. പൂർണമായ വിവരങ്ങൾ കമ്പ്യൂട്ടറിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. സർക്കാർ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് കർഷകർക്കുള്ള തുകകൾ അവരവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.
- കൃഷി ഓഫീസർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്
നഗരം, വെങ്ങാനൂർ, പള്ളിച്ചൽ എന്നിവിടങ്ങളിലെ പച്ചക്കറി കർഷകരിൽ നിന്ന് സംഭരിച്ച വിളകൾക്ക് നൽകാനുള്ള ഒരു കോടിയോളം രൂപ ഹോർട്ടികോർപ് അടിയന്തരമായി വിതരണം ചെയ്തില്ലെങ്കിൽ കർഷകർ തൊഴിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.
- മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാർ, കൺവീനർ, കർഷക കൂട്ടായ്‌മ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്