നാഗർകോവിൽ: സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രണയം നടിച്ച് സ്വകാര്യ വീഡിയോകളെടുത്ത ശേഷം പെൺകുട്ടികളിൽ നിന്ന് പണം തട്ടിയ നാഗർകോവിൽ ഗണേശപുരം സ്വദേശി സുജിൻ എന്ന കാശിയെ (26) മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിലിൽ വിട്ടു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതി കന്യാകുമാരി എസ്.പി ശ്രീനാഥിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്. ധനികരായ പെൺകുട്ടികളെ പ്രണയംനടിച്ച് വലയിലാക്കിയ ശേഷം ഒരുമിച്ചുള്ള സ്വകാര്യ വീഡിയോകളെടുക്കും. ഇതിനുശേഷം ദൃശ്യങ്ങൾ കാണിച്ച് ഇവരോട് പണം ആവശ്യപ്പെടും. പണം നൽകാത്തവരോട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഫോൺ, ലാപ്ടോപ്, ഹാർഡ് ഡിസ്ക് എന്നിവ പരിശോധിച്ചപ്പോൾ നൂറോളം പെൺകുട്ടികൾ വലയിലായതായി കണ്ടെത്തി. ഫോണിലുണ്ടായിരുന്ന പെൺകുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ പൊലീസ് ഡിലീറ്റ് ചെയ്‌തിട്ടുണ്ട്. കാശിയെക്കുറിച്ച് പരാതിയുള്ളവർക്ക് കന്യാകുമാരി എസ്.പി ശ്രീനാഥിന്റെ മൊബൈൽ നമ്പരായ 9498111103ൽ വിവരം നൽകാമെന്നും പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് മൂന്ന് പെൺകുട്ടികൾ കൂടി എസ്.പിക്ക് പരാതി നൽകി. പെൺകുട്ടികൾ നൽകിയ പരാതിയിൽ നിന്ന് ഇതിനു പിന്നിൽ ഒരു വലിയ സംഘം തന്നെ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. പ്രതിയെ രഹസ്യ സ്ഥലത്തെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.