തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് അനുവദിച്ച പ്രത്യേക ട്രെയിനുകളിൽ,അവിടെ നിന്ന് കേരളത്തിലേക്ക് വരേണ്ട പ്രവാസി സഹോദരങ്ങൾക്കും യാത്രാസൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശാരീരിക അകലവും സുരക്ഷാമാനദണ്ഡവും പാലിച്ച് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ കേരളത്തിലേക്ക് അനുവദിക്കണം. സംസ്ഥാനത്തിന് പുറത്തുള്ളവരിൽ ഇങ്ങോട്ട് വരാൻ അത്യാവശ്യമുള്ളവരെ തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഇതിനകം വരുത്തി.പ്രവാസി മലയാളികളുടെ തിരിച്ചുവരവിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ചില പ്രചാരണങ്ങൾ നടക്കുന്നു. അതിലേക്ക് ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നില്ല.
കേരളത്തിൽ നിന്ന് ഇതുവരെ 13818 അന്യസംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് പോയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുക സർക്കാരിന്റെ നയമല്ല. നാട്ടിൽ പോകാൻ അത്യാവശ്യമുള്ളവർക്കും താല്പര്യ പ്രകടിപ്പക്കുന്നവർക്കും മാത്രമേ യാത്രാ സൗകര്യമൊരുക്കുന്നുള്ളൂ. ഈ ഘട്ടത്തിൽ അവരിവിടെ നിന്ന് പോകേണ്ടവരാണെന്ന സമീപനമില്ല. ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ട് ആഭ്യന്തരസെക്രട്ടറി നടപടിയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.