തിരുവനന്തപുരം : കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ ആരോഗ്യവകുപ്പ് ആരംഭിച്ച ദിശ 1056 ടോൾ ഫ്രീ നമ്പരിലേക്കെത്തിയ ഫോൺ കാളുകളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഒരു ലക്ഷം തികഞ്ഞ കാൾ സ്വീകരിച്ച് മറുപടി നൽകാൻ മന്ത്രി കെ.കെ. ശൈലജയുമെത്തി. ചെന്നൈയിൽ നിന്ന് ദിശയിലേക്ക് വിളിച്ച ശ്രീലക്ഷ്മിക്കാണ് മന്ത്രി മറുപടി നൽകിയത്. കാൾ സ്വീകരിച്ച മന്ത്രി ആദ്യം സ്വയം പരിചയപ്പെടുത്തിയില്ല. നാട്ടിലേക്ക് എത്താനുള്ള നടപടികളും എത്തികഴിഞ്ഞാൽ സ്വീകരിക്കേണ്ട കാര്യങ്ങളും വിശദീകരിച്ച ശേഷമാണ് മന്ത്രി സ്വയം പരിചയപ്പെടുത്തിയത്. ഇതോടെ ശ്രീലക്ഷ്മി സന്തോഷം അറിയിക്കുകയും ചെയ്തു.
104ദിവസത്തിനുള്ളിലാണ് ഒരു ലക്ഷം കാൾ പൂർത്തിയായത്. ഏറ്റവുമധികം കാൾ വന്നത് തിരുവനന്തപുരത്തു നിന്നും (11,730) കുറവ് കോൾ വന്നത് വയനാട് നിന്നുമാണ് (902). 10 ശതമാനം കാളുകൾ കേരളത്തിന് പുറത്തുനിന്നാണ് വന്നതാണ്. ജനുവരി 22നാണ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന ദിശയെ കൊവിഡ്19 ഹെൽത്ത് ഹെൽപ്പ് ലൈനാക്കിയത്. ദിശ 1056, 0471 2552056 എന്നീ നമ്പരിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.