നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിനടുത്തുള്ള ചേറുത്തിക്കോണം ഗ്രാമത്തെ ജില്ലാ ഭരണകൂടം ഹോട്ട്സ്‌പോട്ട് ആയി പ്രഖ്യാപിച്ചു. കന്യാകുമാരി സ്വദേശിയായ യുവതിക്ക് ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. തിരുവട്ടാർ ചെങ്കൊടി സ്വദേശിനിയായ മുപ്പതുകാരിക്കാണ് കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 29നാണ് യുവതി ചെന്നൈ മെഡിക്കൽ കോളേജിലേക്ക് ലാബ് ടെക്‌നീഷ്യനായി ജോലിയിൽ പ്രവേശിച്ചത്. ഫെബ്രുവരി 20ന് യുവതി ആശാരിപ്പള്ളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവിക്കുകയും 29ന് ആശുപത്രി വിടുകയും ചെയ്തിരുന്നു. യുവതിക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. യുവതിയുടെയും ഭർത്താവിന്റെയും ബന്ധുക്കൾ, കാറിൽ ചെന്നൈയിൽ കൊണ്ടാക്കിയ ഡ്രൈവർ, ഇയാളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇവരെ ക്വാറന്റൈനിലാക്കി. ഇന്നലെ ഇവരുടെ പരിശോധനാഫലം ലഭിച്ചു. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ പുതുതായി രോഗം ബാധിക്കുന്നവർക്ക് രോഗലക്ഷണം പുറത്തു കാണിക്കാത്തതിനാൽ മുൻകരുതലെന്ന നിലയിലാണ് ചേറുത്തിക്കോണം ഗ്രാമത്തെ ഹോട്ട്സ്പോട്ട് ആയിട്ട് അറിയിച്ചത്. ചേറുത്തിക്കോണം ഗ്രാമത്തിൽ നിന്ന് കുലശേഖരം,പൊന്മന തുടങ്ങിയ ആറ് റോഡുകൾ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.