തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ചാല മാർക്കറ്റ് വീണ്ടും സജീവമായി. പലവ്യ‌ഞ്ജനക്കടകൾ, പച്ചക്കറി കടകൾ, പൂക്കടകൾ എന്നിവ ഉൾപ്പെടെയാണ് ഇന്നലെ തുറന്നത്. എന്നാൽ സ്വർണപ്പണി ചെയ്യുന്ന കടകളും ജുവലറികളും അടഞ്ഞുകിടന്നു. വരും ദിവസങ്ങളിൽ ചാല കൂടുതൽ സജീവമാകുമെന്ന് വ്യാപാരികൾ പറഞ്ഞു. അടച്ചിട്ട ശേഷം തുറന്ന ചാല മാർക്കറ്റിൽ ഇന്നലെ തിരക്ക് കുറവായിരുന്നു. മാർക്കറ്റിൽ തിരക്ക് കൂടിയതോടെയാണ് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുമായി നടത്തിയ ചർച്ചയിൽ മേയ് മൂന്ന് വരെ കടകൾ അടച്ചിടാൻ വ്യാപാരികൾ തയ്യാറായത്. കടകൾ തുറന്നെങ്കിലും നിയന്ത്രണങ്ങൾ പാലിച്ചും പൊലീസ് പരിശോധനയിലൂടെയുമാണ് ജനങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കാനാകുക. ആര്യശാല, കൊത്തുവാൾ തെരുവ്, സഭാവതി കോവിൽ റോഡ് എന്നിവിടങ്ങളിലൂടെയാണ് നിലവിൽ ചാലയിലേക്ക് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ആര്യശാല ഭാഗത്തിലൂടെയാണ് ചരക്കുമായെത്തുന്ന ലോറികൾ കൂടുതലും കടക്കുക. ജനങ്ങളെയും ചെറിയ തോതിൽ ഇതിലൂടെ പ്രവേശിപ്പിക്കും. കാൽനടയായി വേണം ജനങ്ങൾ ചാലക്കുള്ളിലേക്ക് പോകേണ്ടത്. മാർക്കറ്റിലേക്ക് ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല. സാധനങ്ങൾ വാങ്ങിയ ബില്ല് ചെക്കിംഗ് പോയിന്റിൽ കാണിച്ചാൽ ആവശ്യമെങ്കിൽ സാധനങ്ങൾ കൊണ്ടുപോകാൻ വാഹനങ്ങൾ ചാലയ്ക്കുള്ളിലേക്ക് അയയ്ക്കുന്നതാണ് നിലവിലെ രീതി. കടകളിൽ സാനിറ്റൈസർ, കൈകഴുകാനുള്ള സജ്ജീകരണം എന്നിവ ഒരുക്കിയിട്ടുണ്ട്.