pozhiyoor-1

പാറശാല: കടൽക്ഷോഭത്തെ തുടർന്ന് പൊഴിയൂർ ഫിഷർമെൻ കോളനിയിലെ പത്തോളം വീടുകൾ പൂർണമായും ചിലത് ഭാഗികമായും തകർന്നു. തെക്കേ കൊല്ലങ്കോട് കടൽതീരത്ത് നിർമ്മിച്ചിരിക്കുന്ന കടൽഭിത്തിക്കും കേടുപാടുണ്ട്. നീരോടിയിൽ തമിഴ്നാട് സർക്കാർ നിർമ്മിച്ചിട്ടുള്ള പുലിമുട്ടാണ് പൊഴിയൂർ തീരത്തെ കടൽക്ഷോഭത്തിന് കാരണം. കൂറ്റൻ കല്ലുകൾ ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ള പുലിമുട്ട് കാരണം ശക്തമായ തിരമാലകൾ ഗതിമാറി കേരളത്തിന്റെ തീരങ്ങളിലേക്ക് എത്തുന്നതായി നേരത്തെ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം കാരണം തെക്കേ കൊല്ലങ്കോട്, പരുത്തിയൂർ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ വീടുകളും തകർച്ചാഭീഷണിയിലാണ്. ശക്തമായ തിരയിൽ യേശുദാസ് എന്ന മത്സ്യത്തൊഴിലാളിയുടെ ബോട്ട് കടൽഭിത്തിയിൽ ഇടിച്ച് തകർന്നിരുന്നു. കെ. ആൻസലൻ എം.എൽ.എ സ്ഥലത്തെത്തി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണമെത്തിക്കാനും അടിയന്തര നടപടികൾ സ്വീകരിച്ചതായി അറിയിച്ചു. പാറശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ. ജോൺ ബോസ്‌കോ, വാർഡ് മെമ്പർ ജോൺ ബോയ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ ബി. അത്തനാസ്, ഇടവക സെക്രട്ടറി എസ്. രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു.