train

തിരുവനന്തപുരം: സ്‌പെഷ്യൽ ട്രെയിനുകൾ എത്തിയെങ്കിലും ഇന്നലെ ഇതരസംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കം മുടങ്ങി. ബീഹാറിലേക്കുള്ള തൊഴിലാളികൾക്കായി ആലപ്പുഴ, തിരൂർ, കോഴിക്കോട്, കണ്ണൂർ, ആലുവ സ്റ്റേഷനുകളിലാണ് ട്രെയിനുകൾ സജ്ജമായിരുന്നത്. എന്നാൽ ബീഹാർ സർക്കാരിന്റെ അനുമതി കിട്ടാത്തതിനെ തുടർന്ന് യാത്ര റദ്ദാക്കി. നാട്ടിൽ എത്തുന്നവർക്ക് ബീഹാർ സർക്കാർ ഒരുക്കിയിരുന്ന ക്വാറന്റൈൻ കേന്ദ്രങ്ങൾ കഴിഞ്ഞ രണ്ടു ദിവസം കൊണ്ടു നിറഞ്ഞതാണു കാരണം. പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കിയ ശേഷം വിവരം റെയിൽവേയെ അറിയിക്കും. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ ബീഹാറിലേക്ക് കൂട്ടമായി മടങ്ങിയെത്തിയിരുന്നു. കേരളത്തിൽ നിന്നും ബീഹാർ,​ ജാർഖണ്ഡ് ഒഡീഷാ എന്നിവടങ്ങളിലേക്കാണ് തൊഴിലാളികൾ മടങ്ങിയത്. ബംഗാൾ,​ ഉത്തർപ്രദേശ്,​ മദ്ധ്യപ്രദേശ്,​ അസം സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ഇപ്പോഴും ഇവിടെ തുടരുകയാണ്. ഈ സംസ്ഥാനങ്ങൾ വേണ്ടത്ര സജ്ജീകരണങ്ങൾ ഒരുക്കിയതായി അറിയിക്കാത്തതാണ് ഇവരുടെ യാത്ര നീളുന്നതിന് കാരണം. റെയിൽവേ ഇന്നും പ്രത്യേക സ‌ർവീസുകൾ നടത്തും.