മലയിൻകീഴ് : ഗ്രാമപ്രദേശങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളായ പാപ്പനംകോട്, പാമാംകോട്, വെള്ളൈക്കടവ്, മങ്കാട്ടുകടവ് എന്നീ റോഡുകൾ ലോക്ഡൗണിന്റെ ഭാഗമായി അടച്ചത് അത്യാവശ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. വിവിധ ആശുപത്രികളിൽ ചികിത്സ തേടി പോകുന്നതുൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അനാവശ്യ യാത്രക്കാരെ തടയാനാണ് പൊാലീസ് ഊ റോഡുകൾ കഴിഞ്ഞ രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുന്നത്. റോഡുകൾ അടച്ചതിനാൽ പാമാംകോട് ഭാഗത്തുള്ളവർക്ക് നഗരപ്രദേശത്തും മറ്റ് സ്ഥലങ്ങളിലും പോകാനാകാത്ത സ്ഥിതിയാണ്. ഏറ്റവും അടുത്ത പ്രദേശത്ത് എത്തണമെങ്കിൽപ്പോലും പത്ത് കിലോമീറ്റർ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലാണ് പരിസരവാസികൾ. ആത്യവശ്യ കാര്യങ്ങൾക്കു പോലും യാത്രാവിലക്കുള്ളതായും നാട്ടുകാർ ആരോപിക്കുന്നു. വിളപ്പിൽശാല, പുളിയറക്കോണം, കാവിൻപുറം, വെള്ളൈക്കടവ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും യാത്ര ചെയ്യാനാകാതെ നട്ടം തിരിയുകയാണ്. പാമാംകോട് റോഡ് അടച്ചതോടെ നഗരത്തിലെ ആശുപത്രിയിലോ നേമം സർക്കാർ ആശുപത്രിയിലോ എത്തണമെങ്കിൽ 8 കിലോമീറ്റർ ചുറ്റി യാത്ര ചെയ്യണം. മൂക്കുന്നിമല - ഇടയ്ക്കോട്, മങ്കാട്ടുകടവ് റോഡ് അടച്ചതോടെ കുണ്ടമൺഭാഗത്തെത്തിയാലേ നഗരത്തിലെത്താനാകൂ. ശാന്തികവാടത്തിൽ മൃതദേഹവുമായി പോകുന്നവരും റോഡ് അടച്ചതിനാൽ ബുദ്ധിമുട്ടുകയാണ്. റോഡുകൾ ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിരിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ തുറന്നു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.